സ്വന്തം ലേഖകന്‍
കോഴിക്കോട്: മഹാമാരി കാലത്തും കേരളത്തിന് ലഹരി പകര്‍ന്ന് മാഫിയസംഘങ്ങള്‍ കൊയ്യുന്നത് കോടികള്‍. മുന്‍കാലങ്ങളില്‍ കേരളത്തിന് പുറത്തുനിന്നാണ് ലഹരി എത്തുന്നതെങ്കില്‍ ഇപ്പോള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങള്‍ ഇതിന്റെ ഉത്പാദകരായിമാറിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് എക്സൈസും പോലീസും നല്‍കുന്നത്.
കോവിഡ് കാലം മറയാക്കി ഇത്തരം വില്പന കേന്ദ്രങ്ങള്‍ വര്‍ധിച്ചുവരുന്നതായും കോടികളുടെ ഇടപാടാണ് ഇതുവഴി നടക്കുന്നതെന്നും വിവരമുണ്ട്.
അടച്ചിട്ട കെട്ടിടങ്ങളിൽ
മഹാമാരിയെത്തുടര്‍ന്ന് അടച്ചിട്ട മുറികള്‍, കെട്ടിടങ്ങള്‍ എന്നിവിടങ്ങള്‍ ഇത്തരം കേന്ദ്രങ്ങളായി മാറി കഴിഞ്ഞു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടെന്ന് സൂചന ലഭിച്ചതായി ഉദ്യോഗസഥര്‍ പറയുന്നു.
ജാഗ്രത വര്‍ധിപ്പിച്ചതോടെ
യുവാക്കളുടെ ‘ഇഷ്ടലഹരിമരുന്നായ’ എംഡിഎംഎ നേരത്തെ ബംഗളൂരുവില്‍നിന്നും ചെന്നൈയില്‍നിന്നുമാണ് കേരളത്തില്‍ എത്തിയിരുന്നത്. എന്നാല്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ജാഗ്രത വര്‍ധിപ്പിച്ചതോടെ മയക്കമരുന്ന് കടത്താന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ്.
ഇതോടെയാണ് എംഡിഎംഎ മരുന്നുകള്‍ കേരളത്തില്‍ തന്നെ പാചകം ചെയ്തെടുക്കുന്ന കേന്ദ്രങ്ങള്‍ ഡ്രഗ് മാഫിയ ആരംഭിച്ചത്. ഇതാണ് സമീപകാലത്തായി എംഡിഎംഎ വ്യാപമാകാന്‍ കാരണം.
എന്നാല്‍ ഇത്തരം കേന്ദ്രങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരുമ്പോഴേക്കും അവിടെ നിന്നും മാറ്റും.ഒരേസമയം ലഹരിവാങ്ങുന്നവരും സംഘങ്ങളുടെ ഇന്ഫോര്മര്മാരുമായി യുവാക്കള്‍ മാറുന്ന അവസ്ഥയാണുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
മുന്‍പില്ലാത്ത വിധം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഗ്രാമിന് 4,000 രൂപ വരെ
കഞ്ചാവും ഹാഷിഷും കടന്ന് ഇപ്പോള്‍ ട്രെന്‍ഡ് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളാണെന്ന് എക്സൈസ് വകുപ്പ് പറയുന്നു. ഒരു ഗ്രാമിന് 4,000 രൂപ വരെ നല്‍കിയാണ് യുവാക്കള്‍ ഇത് വാങ്ങുന്നത്.
ഡിജെ പാര്‍ട്ടികളില്‍ ഇത് 10,000 രൂപ വരെ എത്തും. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഇതിന്റെ ഉപയോഗം അധികമായിരിക്കുന്നത്. എംഡിഎംഎ കുക്കിംഗ് കേന്ദ്രങ്ങള്‍ മുളയിലേ നുള്ളാനുള്ള ശ്രമത്തിലാണ് കേരളത്തിലെ എക്സൈസും മറ്റ് അന്വേഷണ ഏജന്‍സികളും.
ലഹരി കിച്ചൺ!
ഒരു കിച്ചണില്‍ രണ്ട് കിലോഗ്രാം വരെ എംഡിഎംഎ ഉത്പാദിപ്പിക്കാം. എംഡിഎംഎ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നവരില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം വര്‍ധിക്കുന്നതായി ഈയിടെ എക്സൈസ് ഡിപാര്‍ട്മെന്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പെണ്‍കുട്ടികളില്‍ അധികം പേരും സ്നേഹിതന്റെയോ കാമുകന്റെയോ നിര്‍ബന്ധത്തിന് വഴങ്ങി ആദ്യഡോസ് എടുക്കുന്നവരാണ്. പിന്നീട് ഇവര്‍ അതിന് അടിമയാകുന്നു. ഇവര്‍ പിന്നീട് ഡ്രഗ് വാഹകരായി മാറുന്നു. ഈ സ്ത്രീകളില്‍ പലരും കുറച്ചു കഴിഞ്ഞാല്‍ കുക്കിംഗിലേക്ക് തിരിയുന്ന അവസ്ഥയും ഉണ്ട്.