കൊച്ചി: നഗരത്തില്‍ വില്പനക്കായി കൊണ്ടുവന്ന പത്ത് എക്സ്റ്റസി ഗുളികകളുമായി എടത്തല കുഴിവേലിപ്പടി മുകുളാര്കുടി ജാബിര്‍(21) പിടിയിലായത് ചില്ലറ വില്പനയ്ക്കായി ശ്രമിക്കുന്നതിനിടയിലെന്നു പോലീസ്.
ബംഗളൂരുവില്‍നിന്നും ഇടനിലക്കാര്‍ വഴി കുറഞ്ഞ വിലയ്ക്ക് ലഹരി വസ്തുക്കള്‍ വാങ്ങുന്ന പ്രതി ഉയര്‍ന്ന വിലയ്ക്കു പാലാരിവട്ടം, വൈറ്റില ഭാഗങ്ങളിലുള്ള യുവാക്കള്‍ക്കു വില്പന നടത്തി ആര്‍ഭാട ജീവിതം നയിച്ചു വരികയായിരുന്നുവെത്രേ.
യുവാക്കളുടെ ഹരം!
അമിത ഉപയോഗം മരണത്തിനു കാരണമായേക്കാവുന്ന ഈ ലഹരി ഗുളികകള്‍ യുവാക്കള്‍ക്കിടയില്‍ “പില്’ എന്ന അപരനാമത്തിലാണു അറിയപ്പെടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
റേവ് പാര്‍ട്ടികള്‍ക്കും മറ്റും ഉപയോഗിച്ചു വരുന്ന ഈ രാസ ലഹരി ഇപ്പോള്‍ കൊച്ചിപോലുള്ള കേരളത്തിലെ നഗരങ്ങളിലും യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന വിവരവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അമിത ഉപയോഗം മരണത്തിനുപോലും കാരണമായേക്കാം.
രഹസ്യവിവരം
കൊച്ചി സിറ്റി കമ്മീഷണര്‍ വിജയ് സാഖറെയ്ക്കു ലഭിച്ച രഹസ്യവിവരത്തില്‍ ഡെപൂട്ടി കമ്മീഷണര്‍ പി.ബി. രാജിവിന്റെ നിര്‍ദേശാനുസരണം നാര്‍ക്കോട്ടിക് അസി. കമ്മീഷണര്‍ അബ്ദുള്‍ സലാം, ഡാന്‍സാഫ് എസ്ഐ ജോസഫ് സാജന്, പാലാരിവട്ടം എസ്ഐ ലിജോ ജോസഫ് ഡാന്‍സാഫിലെ പോലീസുകാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ അറസ്റ്റു ചെയ്തത്.
വിവരം ലഭിച്ചാൽ അറിയിക്കുക
മാരകമായ ലഹരി വസ്തുക്കള്‍ നഗരത്തില്‍നിന്ന് ഇല്ലായ്മ ചെയ്യുന്നതിനു കര്‍ശനമായ നടപടികളാണു നടപ്പിലാക്കി വരുന്നതെന്നു പോലീസ് വ്യക്തമാക്കുന്നു.
യുവാക്കളുടെയും, വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന ഇത്തരം മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കണമെന്നും വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.