വിഴിഞ്ഞം: റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള ലഹരിപാർട്ടിക്കെതിരെ ശക്തമായ നടപടിയുമായി എക്സൈസ് എൻഫോഴ്സ്മെന്റ്. ഇന്നലെ പൂവാറിൽ നടത്തിയ പരിശോധനയിൽ മാരക ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. പൂവാർ ആറ്റുപുറത്തെ ഒരു ദ്വീപിലാണ് ലഹരിപാർട്ടി നടന്ന റിസോർട്ട്.
നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഇവിടേക്ക് ബോട്ടിൽമാത്രമെ എത്താൻകഴിയൂ.ആവശ്യക്കാരൻ റിസോർട്ടിന്റെ പ്രധാന കവാടത്തിൽ എത്തിയാൽ ലക്ഷ്യസ്ഥാനത്ത് കൊണ്ടുപോകാൻ ബോട്ടുകൾ വരും.
പാർട്ടികൾ കഴിഞ്ഞാൽ സഞ്ചാരികളെ തിരികെ കരയ്ക്ക് എത്തിക്കുന്നതു വരെയുള്ള ഉത്തരവാദിത്വം ബോട്ടുകാർക്കാണ്. പൊഴിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലത്തേക്ക് എന്തെങ്കിലും ആവശ്യത്തിന് പോലീസിനു പോകാനും ബോട്ടു തന്നെയാണ് ശരണം.
ഇവർക്കായി ഒരു ബോട്ടും ആറ്റുപുറത്തുണ്ട്. നെയ്യാർ കടലുമായി സംഘമിക്കുന്ന പൊഴിക്കരക്ക് സമീപത്തെ പ്രകൃതി രമണീയമായ തുരുത്താണ് റിസോർട്ടുകളുടെയും ബോട്ട് ക്ലബുകളുടെയും മേഖലയായ ആറ്റുപുറം.
ഒറ്റപ്പെട്ട നിഗൂഢതുരുത്തിൽ പൊതുജനങ്ങളുടെ സാമീപ്യവും കുറവാണ്. കരയിൽ കൂടിയും ജലമാർഗവും എത്താൻ പറ്റുന്ന തരത്തിലുള്ള നിരവധി വൻകിട റിസോർട്ടുകൾ മേഖല കൈയടക്കിയതോടെ സഞ്ചാരികളുടെ ഇവിടെക്കുള്ള വരവും കൂടി .
ഇതോടെ ഫ്ലോട്ടിംഗ് റിസോർട്ടുകൾ നിർമിച്ച സംഘം നെയ്യാറും കൈയടക്കി.കോവിഡിന്റെ പശ്ചാത്തലത്തിൽ അടഞ്ഞ് കിടന്ന റിസോർട്ടുകൾ നിയന്ത്രണങ്ങൾ മാറി സജീവമായതോടെയാണ് ലഹരിപാർട്ടി രംഗത്തിറങ്ങിയത്. ഒറ്റപ്പെട്ട മേഖലയിൽ പോലീസിന്റെ പട്രോളിംഗില്ലാത്തതും ഇത്തരക്കാർക്ക് അനുഗ്രഹമായി.