കോട്ടയം: വീര്യം കൂടിയ ലഹരിമരുന്നു വിൽക്കാൻ ഷാപ്പിനെ മറയാക്കിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് പോലീസ് പിടിയിലായി. തിരുവനന്തപുരം വള്ളക്കടവ് പള്ളത്ത് മുഹമ്മദ് അസ്കറി (21)നെയാണ് അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളിൽ സ്കൂൾ വിദ്യാർഥികൾക്കിടയിൽ വൻതോതിൽ ലഹരിഗുളികകളുടെ വില്പന നടക്കുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു.
ദിവസങ്ങളായി ലഹരിഗുളികകൾ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്ന കളത്തിപ്പടി, കാരാണി, ഗാന്ധിനഗർ, അതിരന്പുഴ എന്നിവിടങ്ങളിൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ ആന്റി ഗുണ്ടാ സ്ക്വാഡ് പരിശോധന ശക്തമാക്കി വരികയായിരുന്നു.
കഴിഞ്ഞ ദിവസമാണ് മാങ്ങാനം ഷാപ്പിൽ നൈട്രസെൻ ഗുളികകളുമായി യുവാവ് എത്തിയതായി പോലീസ് സംഘത്തിനു വിവരം ലഭിച്ചത്. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജി. ബിനു, എസ്ഐ മഹേഷ്കുമാർ, ആന്റി ഗുണ്ടാ സ്ക്വാഡിലെ എസ്ഐ ടി.എസ്. റെനീഷ്, എഎസ്ഐമാരായ വി.എസ്. ഷിബുക്കുട്ടൻ, എസ്. അജിത്, ഐ. സജികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എൻ. മനോജ്, ബിജു പി. നായർ, സിവിൽ പോലീസ് ഓഫിസർ സജമോൻ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മാങ്ങാനം ഷാപ്പിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 65 ഗുളികകൾ പ്രതിയിൽനിന്നു പോലീസ് കണ്ടെത്തി.
നേരത്തെ കഞ്ചാവ് കേസിൽ തിരുവനന്തപുരം മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്ത പ്രതി, ജയിലിൽ കിടന്ന സമയത്താണു തിരുവനന്തപുരം സ്വദേശി കൊച്ചാപ്പയുമായി അടുപ്പത്തിലാകുന്നത്. മാനസിക രോഗികൾക്കു മരുന്നു വാങ്ങാൻ ഡോക്ടർ കൊടുക്കുന്ന കുറിപ്പടി ഉപയോഗിച്ചു കോട്ടയം മെഡിക്കൽ കോളജിനു സമീപമുള്ള കടയിൽ നിന്നാണു പ്രതി നൈട്രസൻ എന്ന, മാനസിക രോഗികൾക്കു മാത്രം കൊടുക്കുന്ന ഗുളിക വാങ്ങിയത്.
തുടർന്നു കോട്ടയം ടൗണിലെയും മറ്റും ഫ്ളാറ്റുകളിൽ ലിഫ്റ്റ് ടെക്നീഷൻ എന്ന വ്യാജേന എത്തി യുവാക്കൾക്കും മറ്റും ഒരു ഗുളികക്കു 300 രൂപ നിരക്കിൽ വില്പന നടത്തി വരികയായിരുന്നു.