കോതമംഗലം: നേര്യമംഗലത്ത് വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നു ഗുളികയുമായി പിടിയിലായ യുവാക്കളെ റിമാൻഡ് ചെയ്തു. ചേർത്തല അറക്കപ്പറന്പിൽ റമീസ് (25), വരാപ്പുഴ അരമാത്ത്നികർത്ത് വൈശാഖ് (24), കൊച്ചി കടിങ്ങായിൽ സുൾഫിക്കർ (21) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
പ്രതികൾ മൂവരും സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മാനസിക രോഗികൾക്കു നൽകുന്ന നൈട്രോസെപാം എന്ന ഗുളിക ഇവരുടെ പക്കൽനിന്നു കണ്ടെടുത്തത്. 42 ഗുളികകൾ അടങ്ങിയ സ്ട്രിപ്പ് മൂന്നു പേരുടേയും കൈവശമുണ്ടായിരുന്നു.
ഗുളിക കഴിച്ചതിന്റെ ലഹരിയിലായിരുന്നു ഇവരെന്നും എക്സൈസ് അധികൃതർ പറഞ്ഞു. കോളജ് വിദ്യാർഥികൾക്കും വിനോദ സഞ്ചാരികൾക്കും നൈട്രോസെപാം ഗുളിക പ്രതികൾ വില്പന നടത്തിവന്നിരുന്നതായും എക്സൈസ് അധികൃതർ പറഞ്ഞു. മെഡിക്കൽ ഷോപ്പിൽ ഒരു ഗുളികയ്ക്ക് നാലു രൂപയാണ് വില. ഡോക്ടറുടെ അനുമതിയോടെ മാത്രമേ ഗുളിക ലഭിക്കുകയുള്ളൂ.
100 രൂപ മുതൽ 500 രൂപ വരെ വിലയ്ക്കാണ് പ്രതികൾ ഇവ വില്പന നടത്തിയിരുന്നതെന്നും തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നുമാണ് വലിയ അളവിൽ ഗുളികകൾ കൊണ്ടുവന്നിരുന്നതെന്നും പ്രതികൾ എക്സൈസിനു മൊഴി നല്കി. റേഞ്ച് ഇൻസ്പെക്ടർ ടി.പി. സജീവ്കുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ സലിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.എ. നിയാസ്, എൻ.എ. മനോജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അസീസ്, ഇല്യാസ്, ശ്രീകുമാർ, അഫ്സൽ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.