കോട്ടയം: കേരളത്തിൽ കഞ്ചാവ് റെയ്ഡുകൾ ശക്തമായപ്പോൾ ലഹരി മാഫിയ മയക്ക്് ഗുളികകളുമായി രംഗത്ത്. ഇന്നലെ എക്സൈസ് പിടികൂടിയ കന്പം സ്വദേശി ജയപ്രകാശി (27)നെ ചോദ്യം ചെയ്തതോടെയാണ് മയക്കു മരുന്നു ലോബിയുടെ പ്രവർത്തനങ്ങളുടെ ചുരുളഴിഞ്ഞത്. കേരളത്തിലെ വിവിധ ജില്ലകളിൽ മയക്കു ഗുളികകൾ വിതരണം ചെയ്യുന്ന ഏജന്റാണ് ജയപ്രകാശ്. മുൻപ് കഞ്ചാവ് കച്ചവടമായിരുന്നു.
കേരളത്തിൽ പോലീസും എക്സൈസും റെയ്ഡ് ശക്തമാക്കിയതോടെയാണ് മയക്കു ഗുളികയിലേക്ക് തിരിഞ്ഞത്. കഞ്ചാവിനേക്കാൾ സുരക്ഷിതമായി എത്തിക്കാൻ കഴിയും എന്നതാണ് മയക്കു ഗുളിക വിതരണത്തിനുള്ള ഗുണമെന്നും ഇയാൾ പറയുന്നു. കാഞ്ഞിരപ്പള്ളി 26-ാം മൈൽ ജംഗ്ഷനിൽ നിന്നും എക്സൈസ് കമ്മീഷണറുടെയും എക്സൈസ് ഇന്റലിജൻസ് യൂണിറ്റിന്റെയും പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്്ടറുടെയും നേതൃത്വത്തിലുള്ള സംഘമാണ് ജയപ്രകാശിനെ അറസ്റ്റു ചെയ്തത്.
എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി കാഞ്ഞിരപ്പള്ളി പ്രദേശത്ത് മഫ്തിയിൽ എക്സൈസ് ഉദ്യോഗസ്ഥർ കറങ്ങുകയായിരുന്നു. ഒടുവിൽ ഇന്നലെ ജയപ്രകാശ് ഗുളികകളുമായി കേരളത്തിൽ എത്തുമെന്ന അതീവ രഹസ്യ വിവരം ഇന്റലിജൻസിലെ ഒരു ഉദ്യോഗസ്ഥന് ലഭിച്ചു.
ഇതേ തുടർന്ന് വല വിരിച്ച് കാത്തു നിൽക്കുകയായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ. മയക്കുമരുന്ന് ഇനത്തിൽപ്പെട്ട നൈട്രോ സെഫാമിന്റെ 200 ഗുളികകളാണു പ്രകാശിൽ നിന്നും പിടികൂടിയത്. വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണു ഗുളികകളെന്നും കേരളത്തിലേക്കു ഇത്തരത്തിലുള്ള മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണിയാണ് ജയപ്രകാശെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എൻ.ശിവപ്രസാദ്, എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്്ടർ ബിജു വർഗീസ്, പ്രവന്റീവ് ഓഫീസർ വി.ആർ. രാജേഷ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ അംഗങ്ങളായ സുനിൽകുമാർ, ബിനീഷ് സുകുമാരൻ, സന്തോഷ് മൈക്കിൾ, ഗിരീഷ് കുമാർ, ഫിലിപ്പ് തോമസ്, എക്സൈസ് സിവിൽ ഓഫീസർമാരായ ബിനോയി കെ. മാത്യു, വിനോദ്, ഹരി, വിദു, ഷാനവാസ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.