കൊച്ചി: തയ്യല്‍ കടയുടെ മറവില്‍ ലഹരി കച്ചവടം നടത്തിവന്നിരുന്ന യുവാവ് അറസ്റ്റിലായ കേസില്‍ പ്രതിക്ക് എംഡിഎംഎ എത്തിച്ചു നല്കിയ ബസ് ഡ്രൈവറും അറസ്റ്റില്‍.
കലൂര്‍ പോണോത്ത് റോഡില്‍ അഴകന്തറ ക്രോസ് റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന കിഴക്കൂടന്‍ വീട്ടില്‍ ടില്ലു തോമസി(29)നെയാണ് എറണാകുളം നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കൊച്ചി സിറ്റി ഡാന്‍സാഫും പാലാരിവട്ടം പോലീസും ചേര്‍ന്ന് തമ്മനം സ്വദേശി ഇ.എസ്. സോബിനെ(40) പിടികൂടിയിരുന്നു.
രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാലാരിവട്ടം പള്ളിനടയിലുള്ള ഗ്രേസ് മാതാ സ്റ്റിച്ചിംഗ് സെന്റര്‍ എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടയത്.
പ്രതിയുടെ പക്കല്‍നിന്നു 13.23 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. ബംഗളൂരുവില്‍നിന്നു മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ കണ്ണിയാണ് പ്രതി.
ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന് ടില്ലു തോമസാണ് എംഡിഎംഎ നല്‍കിയതെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വീടിന്റെ ഒന്നാം നിലയിലെ ടില്ലുവിന്റെ കിടപ്പ് മുറിയിയിലെ അലമാരയ്ക്കുള്ളില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന 78.59 ഗ്രാം എംഡിഎംഎ കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികള്‍ക്ക് എംഡിഎംഎ എത്തിച്ചു നല്കിയ എറണാകുളം സ്വദേശിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേരളത്തിലെത്തിക്കുന്ന മയക്കുമരുന്ന് യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ചാണ് പ്രതികള്‍ വില്‍പ്പന നടത്തിയിരുന്നത്.