തിരുവനന്തപുരം: വീട്ടു കോന്പൗണ്ടിൽ വലിയ നായ്ക്കളെ കാവൽ നിർത്തി മയക്ക് മരുന്ന് കച്ചവടം നടത്തി വരികയായിരുന്ന സംഘത്തിലെ മൂന്ന് പേരെ കടയ്ക്കാവൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. വർക്കല കവലയൂർ കൊടിതൂക്കികുന്ന്്് ശശികല ഭവനിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി മൂന്ന് പേരെ പോലീസ് പിടികൂടിയത്.
ശശികല ഭവനിൽ ഷൈൻ (30), ഇയാളുടെ കൂട്ടാളികളായ നഗരൂർ സ്വദേശി ബിജോയ് (23), ഇളന്പ സ്വദേശി രാഹുൽ (26) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ 12 ഗ്രാം എംഡിഎംഎയും കഞ്ചാവും 1.30 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.
ഇന്നലെ രാത്രിയോടെ ഡാൻസാഫ് സംഘവും കടയ്ക്കാവൂർ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. പോലീസിന് നേരെ കൂറ്റൻ നായ്ക്കളെ അഴിച്ച് വിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സംഘം വീട് വളഞ്ഞ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. മയക്കുമരുന്ന് പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സാധനസാമഗ്രികളും ത്രാസും പോലീസ് പിടിച്ചെടുത്തു.
പോലീസ് എത്തുന്പോൾ വീടിന് കാവലായി മുറ്റത്ത് ഏഴ് കൂറ്റൻ നായ്ക്കളായിരുന്നു ഉണ്ടായിരുന്നത്. പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായ്ക്കൾ മുറ്റത്ത് അഴിച്ചുവിട്ട നിലയിലായിരുന്നു. പൊലീസിന് നേരെ പാഞ്ഞെടുത്ത നായ്കക്കളെ ഒടുവിൽ തന്ത്രപർവ്വം ഒരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് അകത്ത് കടന്നത്. ഇതിനിടെ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ പൊലീസ് വീട് വളഞ്ഞിരുന്നു.
തിരുവനന്തപുരം റൂറൽ എസ്പി കിരണ് നാരായണിന്റെ നിർദേശാനുസരണമാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. വർക്കല, കടയ്ക്കാവൂർ പ്രദേശങ്ങളിലെ സ്കൂളുകളിലെയും കോളജുകളിലെയും കുട്ടികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് പോലീസ് പറഞ്ഞു.