കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്നു വേട്ട. അരക്കിലോ(493 ഗ്രാം) എംഡിഎംഎയുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ യുവാവിനെ മട്ടാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു.
കൊച്ചി കൂവപ്പാടം സ്വദേശി ശ്രീനിഷ് (32) ആണ് പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 15 ലക്ഷത്തോളം രൂപ വിലവരും.
ഇയാളുടെ കൈയിൽ നിന്ന് 10,000 രൂപയും പിടിച്ചെടുത്തു. കൊച്ചിയിൽ മയക്കുമരുന്ന് വില്പന ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി മട്ടാഞ്ചേരി സബ് ഡിവിഷനിൽ നടത്തിയ കോന്പിംഗിനിടെ ഇന്നലെ രാത്രി 11.30-ന് ചുള്ളിക്കലിൽ വച്ചാണ് ശ്രീനിഷ് പിടിയിലായത്.
ബംഗളൂരുവിൽനിന്നാണ് ഇയാൾ മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ച് വില്പന നടത്തിയിരുന്നതെന്ന് മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ തൃദീപ് ചന്ദ്രൻ പറഞ്ഞു.
വിറ്റുകിട്ടിയ പതിനായിരം രൂപ
യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടായിരുന്നു വില്പന. ഗ്രാമിന് പല വിലയായിട്ടായിരുന്നു വില്പന നടത്തിയിരുന്നത്.
ഇന്നലെ ഏഴു ഗ്രാം എംഡിഎംഎ വിറ്റുകിട്ടിയ പതിനായിരം രൂപയാണ് പോലീസ് പിടിയിലായ സമയം ഇയാളുടെ കൈയിൽ ഉണ്ടായിരുന്നത്.
ഇയാൾക്കു പിന്നിൽ വൻ ലഹരിമരുന്ന് മാഫിയ ഉണ്ടെന്നാണ് പോലീസ് നിഗമനം. മുന്പ് അടിപിടി കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്.
ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വി.ജി രവീന്ദ്രനാഥിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്പെക്ടർ തൃദീപ് ചന്ദ്രൻ, എസ്ഐമാരായ രൂപേഷ്, മധു, സീനിയർ സിപിഒ എഡ്വിൻ, സിപിഒമാരായ അനീഷ്, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മൂന്നാമത് കൊച്ചി
കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളും എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വർധിക്കുന്നുവെന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ പോലീസ് ശക്തമായ പരിശോധനയാണ് നടത്തുന്നത്.
ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ലഹരി കേസുകളിൽ കൊച്ചി മൂന്നാം സ്ഥാനത്തായിരുന്നു. 2021 ൽ കൊച്ചിയിൽ രജിസ്റ്റർ ചെയ്തത് 912 ലഹരി കേസുകളാണ്. 2020 ൽ ഇത് 706 ഉം 2019-ൽ 2,205 ഉം ആയിരുന്നു.
കഴിഞ്ഞ മാസം കലൂർ സ്റ്റേഡിയത്തിനു സമീപത്തുനിന്ന് എംഡിഎംഎയുമായി പിടിയിലായ കളമശേരി സ്വദേശിയായ ഹാറൂണ് എന്ന യുവാവിന്റെ അറസ്റ്റിനെ തുടർന്ന് എട്ടോളം പേർ അറസ്റ്റിലായി.
ഇതിൽ എംഡിഎംഎ കേരളത്തിലേക്ക് എത്തിക്കാൻ സഹായിച്ച നൈജീരിയൻ സ്വദേശികളും ഉൾപ്പെട്ടിരുന്നു.