രക്തസമ്മർദം കൂട്ടി ഉത്തേജനം നൽകും; രക്തസമ്മർദം കുറഞ്ഞാൽ കഴിക്കുന്ന മരുന്നിന്റെ വൻശേഖരവുമായി യുവാവ് പിടിയിൽ;
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വൻ ലഹരിമരുന്ന് വേട്ട. ഉത്തേജക മരുന്നിന്റെ വൻ ശേഖരവുമായി യുവാവിനെ ഏറ്റുമാനൂർ പോലീസ് പിടികൂടി. ആലപ്പുഴ രാമങ്കരി മഠത്തിൽപറമ്പിൽ സന്തോഷ് മോഹനനെ(32)യാണ് ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അതിരമ്പുഴയിൽ വാടക വീട്ടിൽ താമസിച്ചാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്.
ശസ്ത്രക്രിയയ്ക്കിടെ രക്തസമ്മർദം കുറഞ്ഞാൽ നിയന്ത്രിക്കുന്നതിനു വേണ്ടി രോഗികൾക്കു നൽകുന്ന മരുന്നാണ് ഇയാൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്കു നൽകിയിരുന്നത്. ജിമ്മുകളിൽ പരിശീലിക്കുന്നവരും കായിക താരങ്ങളും ഉത്തേജനം കിട്ടാൻ ഈ മരുന്ന് ഉപയോഗിക്കാറുണ്ടെന്നു പറയപ്പെടുന്നു. 10 മില്ലിയുടെ 250 കുപ്പി ലഹരി മരുന്നാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. കോട്ടയം ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ലഹരി മരുന്ന് പിടികൂടുന്നത്. ജില്ലയിലെ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയാണിത്.
ഏറ്റുമാനൂർ പോലീസ് കഴിഞ്ഞദിവസം നഗരത്തിൽ പരിശോധന നടത്തുന്നതിനിടെ ഇയാളിൽനിന്ന് ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് ഇയാളുടെ വാഹനം പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽനിന്നു ഉത്തേജക മരുന്നിന്റെ വൻ ശേഖരം കണ്ടെടുത്തത്. ഏറ്റുമാനൂർ പോലീസിന്റെ നിർദേശമനുസരിച്ച് ഡ്രഗ് ഇൻസ്പെക്ടർമാരായ താരാ എസ്. പിള്ള, ജമീല ഹെലൻ ജേക്കബ്, ബബിത കെ. വാഴയിൽ എന്നിവർ നടത്തിയ പരിശോധനയിലാണ് പിടികൂടിയത് വീര്യംകൂടിയ ലഹരി മരുന്നാണെന്ന് കണ്ടെത്തിയത്.
ജിമ്മുകളിലും വടംവലി അടക്കമുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും വ്യാപകമായി ഈ മരുന്ന് പ്രതി വിതരണം ചെയ്തിരുന്നതായി പോലീസ് പറയുന്നു. 10 മില്ലിയുടെ ഒരു കുപ്പിക്ക് 600 മുതൽ 1,000 രൂപ വരെയാണ് ഇയാൾ ഈടാക്കിയിരുന്നത്. ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ്, ഏറ്റുമാനൂർ എസ്എച്ച്ഒ ഇൻസ്പെക്ടർ എ.എസ്. അൻസൽ, എസ്ഐ എ.എസ്. അഖിൽ ദേവ്, സിവിൽ പോലീസ് ഓഫീസർ ധനേഷ് വി.ആർ, അജിത് എം. വിജയൻ, സുനിൽ, വനിത എഎസ്ഐ പി.എസ്. ജിഷ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.