തൃശൂർ: പുഴയ്ക്കൽപാടത്ത് കാറിൽനിന്നു 330 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. ബംഗളൂരു കേന്ദ്രീകരിച്ചു കേരളം, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലേക്കു വൻതോതിൽ ലഹരിക്കടത്തു നടത്തുന്ന ബംഗളൂരു സ്വദേശി വിക്കി എന്നറിയപ്പെടുന്ന വിക്രം (26), ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അന്പലത്തുവീട്ടിൽ റിയാസ് (35) എന്നിവരെയാണു തൃശൂർ സിറ്റി ഡാൻസാഫ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 21ന് പുഴയ്ക്കൽപാടത്ത് കാറിൽ കടത്തിയ എംഡിഎംഎയുമായി കാസർഗോഡ് സ്വദേശി നജീബ്, ഗുരുവായൂർ സ്വദേശി ജിതേഷ്കുമാർ എന്നിവർ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോൾ കിട്ടിയ വിവരങ്ങളിൽനിന്നാണു വിക്കീസ് ഗാംഗിന്റെ തലവനായ വിക്രം, കേരളത്തിലെ പ്രധാനി റിയാസ് എന്നിവർ പിടിയിലായത്. ബംഗളൂരു കേന്ദ്രീകരിച്ച് ലഹരിക്കടത്തിന്റെ ആസൂത്രണം വിക്രത്തിനാണ്.
ബംഗളൂരുവിൽ കുടുംബസമേതം താമസമാക്കിയ റിയാസിനാണു കേരളത്തിന്റെ ചുമതല. തൃശൂരിലെ ഹോട്ടലുകളിലും ചാവക്കാട്, ഗുരുവായൂർ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എറണാകുളത്തെ ഡിജെ പാർട്ടികളിലും സിനിമാ ലൊക്കേഷനുകളിലും സിനിമാ പ്രവർത്തകർക്കും ഹാപ്പിനെസ്, ഓണ് വൈബ് എന്നീ പേരുകളിൽ ലഹരിയെത്തിക്കുന്നത് റിയാസിന്റെ നേതൃത്വത്തിലാണ്. ചെന്നൈയിലെ ഒളിയിടത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2500 കിലോമീറ്റർ കാർ ചേസിംഗ്
റിയാസിനെ ചോദ്യം ചെയ്തതിൽനിന്നാണു വിക്രമിനെക്കുറിച്ച് അറിവു കിട്ടിയത്. തുടർന്നു നടന്നത് പോലീസിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഓപ്പറേഷൻ. ബംഗളൂരു, ചെന്നൈ, ഗോവ എന്നിവിടങ്ങളിൽ ബന്ധങ്ങളുള്ള ഇയാളെ പിടികൂടുക ദുഷ്കരമായിരുന്നു.
പല മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന ഇയാൾ ഒരിടത്ത് ഒരു ദിവസത്തിൽ കൂടുതൽ തങ്ങില്ല. കേരള പോലീസ് എത്തിയെന്ന് അറിഞ്ഞപ്പോൾത്തന്നെ ഇയാൾ കാറിൽ ഗോവയിലേക്കു കടന്നു. കേരള പോലീസ് രഹസ്യമായി പിന്തുടർന്നു ഗോവയിലെ ഒളിയിടം കണ്ടെത്തി.
ഗോവ പോലീസിന്റെ സഹായത്താൽ പിടികൂടാനെത്തിയപ്പോൾ ഗോവ പോലീസ് സ്ഥാപിച്ച ചെക്ക് പോസ്റ്റുകൾ ഇടിച്ചുതെറിപ്പിച്ചു കാറിൽ രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലേക്കും കർണാടകയിലേക്കും കടന്ന വിക്രമിനു പിന്നാലെ പോലീസും പാഞ്ഞു. മൈസൂർ ഹൈവേയിൽവച്ചാണ് കാർതടഞ്ഞു പിടികൂടിയത്. മൂന്നു ദിവസത്തിനിടെ 2,500 കിലോമീറ്റർ കാർ ചേസിംഗാണു പോലീസ് നടത്തിയത്.
2022ൽ ബംഗളൂരുവിൽ ലഹരിക്കടത്തു കേസിൽ ജയിലിലായ വിക്രം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ജയിലിൽനിന്നു പരിചയപ്പെട്ടവരുമായി ചേർന്ന് വിക്കീസ് ഗാംഗ് രൂപവത്കരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ വേരുറപ്പിച്ചെങ്കിലും അന്പതോളം പേർ പ്രവർത്തിക്കുന്ന സംഘത്തിൽ അഞ്ചു പേർക്കു മാത്രമാണ് ഇയാളുമായി നേരിട്ടു ബന്ധം.
വിക്കിയുടെ ബാങ്ക് വിവരങ്ങൾ പരിശോധിച്ച് മറ്റു കണ്ണികളെ കണ്ടെത്താനാണു പോലീസ് നീക്കം. ഈവർഷം മാത്രം ഒരുകോടിയിലേറെ രൂപയുടെ ഇടപാടു നടത്തിയെന്നാണു വിവരം.