പേരൂർക്കട: തിരുമല വേട്ടമുക്ക് കൂട്ടാംവിളയിൽ 5 ലക്ഷത്തോളം രൂപയുടെ ലഹരി പദാർത്ഥങ്ങൾ പിടികൂടി. കൂട്ടാംവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നും കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന ലഹരി പദാർഥങ്ങളാണ് പിടിച്ചെടുത്തത്.
15 ചാക്ക് വരുന്ന നിരോധിത ലഹരിവസ്തുക്കളായ ശംഭു, പാൻ പരാഗ് തുടങ്ങിയ പദാർഥങ്ങളാണ് കണ്ടെടുത്തത്.ബീഹാർ സ്വദേശിയായ മൊജഹിത് മംസൈഡി (59) എന്നയാളാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്.
ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യംചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂജപ്പുര പോലീസാണ് വീടിനുള്ളിൽ പരിശോധന നടത്തിയത്.
ലഹരിപദാർത്ഥങ്ങൾ മൊത്തത്തിൽ എത്തിച്ച ശേഷം ചില്ലറ വില്പന നടത്തുന്നതിനു വേണ്ടിയാണ് ഇവ വീടിനുള്ളിൽ സൂക്ഷിച്ചു വന്നിരുന്നത്.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.