ചാരുംമൂട്: ലഹരിമാഫിയയ്ക്കെതിരേയുള്ള പോലീസ് നടപടികളുടെ ഭാഗമായി ചാരുംമൂട്ടിൽ ലഹരിക്കടത്തുകാരന്റെ വീടും 17.5 സെന്റ് വസ്തുവും കണ്ടുകെട്ടി. ചാരുംമൂട് പാലമൂട് പുതുപ്പള്ളികുന്നം തെക്ക് ഖാൻമൻസിൽ വീട്ടിൽ പി.കെ. ഖാന്റെ (ഷൈജു ഖാൻ-41) വസ്തുവും വീടുമാണ് കണ്ടുകെട്ടിയത്.കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചുമതലയുള്ള ചെന്നൈ ആസ്ഥാനമായ ട്രിബ്യൂണലിന്റെ കമ്മീഷണർ ബി. യമുനാദേവിയാണ് ഉത്തരവിട്ടത്.
ലഹരിക്കെതിരേ ജംഗമവസ്തു കണ്ടുകെട്ടുന്ന ജില്ലയിലെ ആദ്യ നടപടിയാണിത്. ഇയാളും കൂട്ടാളികളും ലഹരിക്കടത്തും വിൽപ്പനയുംവഴി ആർജിച്ച, ബിനാമി പേരിലും മറ്റും സ്വരുക്കൂട്ടിയിട്ടുള്ള കൂടുതൽ സ്ഥാവരജംഗമ സ്വത്തുക്കൾ കണ്ടെത്താൻ പോലീസ് പരിശോധന ശക്തമാക്കി.
2020 മുതൽ നൂറനാട് പോലീസ്, എക്സൈസ്, ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് എന്നിവിടങ്ങളിൽ രജിസ്റ്റർചെയ്ത ഏഴു കഞ്ചാവുകേസുകളിൽ പ്രതിയാണ് ഷൈജുഖാൻ. ഒഡീഷ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് കഞ്ചാവ് കടത്തിക്കൊ ണ്ടുവന്ന് ചാരുംമൂട് കേന്ദ്രീകരിച്ചും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചും വിൽപ്പന നടത്തിയിരുന്നു.
2023 മാർച്ചിൽ രണ്ടുകിലോ കഞ്ചാവുമായി നൂറനാട് പോലീസും 2024 ജൂണിൽ രണ്ടുകിലോ കഞ്ചാവുമായി എക്സൈസും 2024 ഓഗസ്റ്റിൽ 8.5 കിലോ കഞ്ചാവുമായി ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും ഇയാളെ അറസ്റ്റ്ചെയ്ത് റിമാൻഡിലാക്കിയി രുന്നു. ഈ കേസുകളിൽ ജാമ്യത്തിലിറങ്ങിയ ഇയാളുടെ വീട്ടിൽനിന്ന് 2024 നവംബറിൽ 125 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് വിൽപ്പനയിലൂടെ ഷൈജു ഖാൻ ആർജിച്ച സ്വത്തുവകകൾ കണ്ടെത്തി. 2020-ൽ അയൽവാസിയിൽ നിന്ന് 17 ലക്ഷം രൂപയ്ക്ക് 17.5 സെന്റ് ഭൂമിയും വീടും വാങ്ങിയതായി തെളിവു ലഭിച്ചു. വസ്തു വാങ്ങിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് തെളിവൊന്നും ഹാജരാക്കാത്തതിനെത്തുടർന്ന് കഴിഞ്ഞമാസം വസ്തുവിന്റെ കൈമാറ്റം മരവിപ്പിച്ചിരുന്നു.
കണ്ടുകെട്ടൽ നടപടികൾക്കായി ഇൻസ്പെക്ടർ കേന്ദ്രസർക്കാരിന്റെ ധനകാര്യമന്ത്രാലയത്തിനു കീഴിലുള്ള റവന്യൂവകുപ്പിന്റെ ചെന്നൈ ആസ്ഥാനമായുള്ള ട്രിബ്യൂണലിന് രേഖകൾസഹിതം റിപ്പോർട്ട് നൽകി.സഫോം നിയമപ്രകാരം വിദേശത്തുനിന്ന് കള്ളക്കടത്തു നടത്തുന്നവർ, ലഹരിക്കടത്തുകാർ, ഫെറ നിയമലംഘകർ എന്നിവരാർജിക്കുന്ന സ്ഥാവര ജംഗമ സ്വത്തുക്കൾ അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ടുകെട്ടുന്നതിനാണ് ചെന്നൈയിൽ ട്രിബ്യൂണലുള്ളത്.
മാവേലിക്കര സ്വദേശിയായ ലഹരിമാഫിയ തലവൻ ലിജു ഉമ്മന്റെ നാലു വാഹനങ്ങൾ 2022ൽ ചെന്നൈ ട്രിബ്യൂണൽ ജപ്തിചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി എം.പി. മോ ഹനചന്ദ്രന്റെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ നടപടി.