ചേര്‍ത്തല: ദേശീയപാതയില്‍ വാഹനപരിശോധനയ്ക്കിടെ ലോറിയില്‍ കടത്തിയ 1.2 കോടിരൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പോലീസ് പിടികൂടി.
ഉരുളകിഴങ്ങുമായെത്തിയ ലോറിയിലാണ് പുകയില കടത്താന്‍ ശ്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ സേലം ആറ്റൂര്‍ തുമ്പല്‍ തേര്‍ക്കുകാടായ് വീഥിയില്‍ അരുള്‍മണി (29), സേലം ഓമല്ലൂര്‍ കനവൈപുധൂര് കെ.എന്‍.പുഡൂര്‍ രാജശേഖര്‍ (29) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചേര്‍ത്തല പോലീസ് ദേശീയപാതയില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടിയത്.
വലിയ പ്ലാറ്റ്ഫോം ലോറിയില്‍ ഉരുളക്കിഴങ്ങു ചാക്കുകള്‍ക്കടിയിലാണ് പുകയിലച്ചാക്കുകള് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്നു ആലപ്പുഴയിലേക്കു എത്തിക്കുകയായിരുന്നെന്നാണ് വിവരം.
ഇന്നലെ പുലര്‍ച്ചെ ഒന്നിനു അര്‍ത്തുങ്കല്‍ ബൈപ്പാസിനു സമീപമാണ് സംശയകരമായി ലോറി കണ്ടത്. വാഹനത്തിലുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നിയ സാഹചര്യത്തിലാണ് ലോറി സ്റ്റേഷനിലെത്തിച്ചത്.
രാവിലെ ലോറിയില്‍ നിന്നു ഉരുളക്കിഴങ്ങ് ചാക്കുകളിറക്കി നടത്തിയ പരിശോധനയിലാണ് കള്ളി വെളിച്ചത്തായത്.
അടിയില്‍ പുകയില ഉത്പന്നങ്ങള്‍ നിറച്ച ചാക്കുകളും അതിനുമേലേ 280 ചാക്കുകളില്‍ ഉരുളക്കിഴങ്ങും അടുക്കിയിരിക്കുകയായിരുന്നു.
ഹാന്‍സിന്റെ 100 ചാക്കുകളാണ് പിടിച്ചെടുത്തത്. ഓരോ ചാക്കിലും 1500 ഓളം പാക്കറ്റ് ഹാന്‍സാണ് ഉണ്ടായിരുന്നത്.
ഓരോ സ്ഥലങ്ങളിലും നിശ്ചിത ചാക്കുകള്‍ ഇറക്കിയായിരുന്നു ഇവരുടെ യാത്ര. പുകയില കടത്തിനു പിന്നില്‍ വന്സംഘങ്ങളുണ്ടെന്ന സൂചനയംത്തുടർന്ന് സൂത്രധാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഡിവൈഎസ്പി ടി.ബി.വിജയന് പറഞ്ഞു. പിടിയിലായവരുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.