കൊച്ചി: ഓറഞ്ച് കയറ്റിയ ട്രക്കിൽ കോടികൾ വിലവരുന്ന ലഹരിമരുന്നു കടത്താൻ ശ്രമിച്ച സംഭവത്തിൽ കൊച്ചി അടക്കമുള്ള തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അന്വേഷണം തുടങ്ങി.
വിവിധ കപ്പലുകളിൽ ചരക്കെത്തിയെന്ന് ഡിആർഐയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ അന്വേഷണം നടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് അങ്കമാലി മഞ്ഞപ്ര അമലാപുരം സ്വദേശി വിജിൽ വർഗീസി(32) നെ കഴിഞ്ഞ ദിവസം മുംബൈയിൽനിന്ന് ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു.
ദക്ഷിണാഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത ഓറഞ്ച് പെട്ടികൾക്കിടയിൽ 1,476 കോടി രൂപ വിലയുള്ള ലഹരിമരുന്നാണ് കണ്ടെത്തിയത്.
198 കിലോ മെത്തും ഒന്പതു കിലോ കൊക്കെയ്നുമാണ് പെട്ടികളിൽ ഉണ്ടായിരുന്നത്. ഇന്ത്യ വഴി വിവിധ വിദേശരാജ്യങ്ങളിലേക്കു കടത്താനാണ് ലഹരി എത്തിച്ചതെന്നാണ് ഡിആർഐ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം. ഇതു സംബന്ധിച്ചു വിശദമായ അന്വേഷണം നടക്കുകയാണ്.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ലഹരിമരുന്നിന്റെ ഇന്ത്യയിലെ വിപണനം നിയന്ത്രച്ചിരുന്നത് വിജിലിന്റെ കൂട്ടാളിയും ബിസിനസുകാരനുമായ മൻസൂർ തച്ചംപറന്പിലാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.
ഇയാൾ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ലഹരിക്കടത്തിന്റെ ലാഭത്തിൽ 70 ശതമാനം വിജിലിനും 30 ശതമാനം മൻസൂറിനുമാണ് ലഭിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ സൂചന നൽകി.
കഴിഞ്ഞ 30ന് മുംബൈയിലെ വാശിയിലാണ് ലഹരിമരുന്ന് പിടികൂടിയത്. നേരത്തെ മാസ്കും മറ്റും വിദേശത്തേക്കു കയറ്റിയയച്ചിരുന്ന വിജിൽ, ഇപ്പോൾ വിവിധ പഴങ്ങൾ ഇറക്കുമതി ചെയ്തു വിപണനം നടത്തുന്നുണ്ട്.
വിജിലിന്റെ കാലടിയിലുള്ള പഴങ്ങളുടെ മൊത്ത, ചില്ലറ വിപണന ശാലയായ യുമ്മിറ്റോ ഇൻറർനാഷണൽ ഫുഡ്സിലും ഗോഡൗണിലും ഡിആർഐ, എക്സൈസ് സംഘങ്ങൾ പരിശോധന നടത്തി. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.