കൊച്ചി: ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരിമരുന്നു വില്പന നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
ബംഗളൂരുവിലെ നൈജീരിയില്‍ സ്വദേശികളില്‍നിന്നാണ് മയക്കുമരുന്നു ലഭിച്ചതെന്ന് ഇന്നലെ അറസ്റ്റിലായ പ്രതികള്‍ എക്സൈസ് സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതിനായി ബംഗളൂരു പോലീസിന്റെ സഹായം തേടാനും എക്സൈസ് സംഘം ആലോചിക്കുന്നുണ്ട്.
ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവില്പന നടത്തുകയായിരുന്ന ആലുവ സ്വദേശി റെച്ചു റഹ്മാന്, മലപ്പുറം തിരൂരങ്ങാടി സ്വദേശി മുഹമ്മദ് അലി, കണ്ണൂര്‍ സ്വദേശി സല്മാന്, തൃശൂര്‍ സ്വദേശി ബിബീഷ്, ലഹരിമരുന്ന് വാങ്ങാനെത്തിയ കൊല്ലം സ്വദേശികളായ തന്‍സില, ഷിബു, ജുബൈര്‍, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കല്‍നിന്ന് ലക്ഷങ്ങള്‍ വില വരുന്ന 56 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു വാഹനങ്ങളും പത്തോളം മൊബൈല്‍ ഫോണുകളും എടിഎം കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. പ്രതികളെ ഇന്ന് രാവിലെ ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇനി അസി. എക്സൈസ് കമ്മീഷണര്‍ വി. ടെനിമോന്റെ നേതൃത്വത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.
എക്സൈസ് ആന്റി നര്‍ക്കോട്ടിക് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ തിങ്കളാഴ്ച രാത്രി ഏഴരയോടെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപത്തെ ഗ്രാൻഡ് കാന്‍ ഇന്‍ ഹോട്ടലില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്.
പിടിയിലായവരില്‍ കൊലക്കേസ് പ്രതികളും വിദേശത്ത് ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരുമുണ്ട്. പത്തു ഗ്രാം വീതം പലയിടത്തുനിന്നു ശേഖരിച്ചു വച്ചായിരുന്നു ഇവരുടെ വില്പന. ലഹരി വാങ്ങാനാണ് കൊല്ലത്തു നിന്ന് യുവതിയടക്കമുള്ള മൂന്നംഗ സംഘം പുലര്‍ച്ചെ മൂന്നിനു ഹോട്ടലില്‍ എത്തിയത്.
മുന്തിയ ഹോട്ടലുകളില്‍ മുറിയെടുത്തായിരുന്നു പ്രതികള്‍ ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത്. പിടിയിലായവരില്‍ കൂടുതല്‍ പേരും വിദേശത്തു ജോലി ചെയ്യുന്നവരാണ്. എക്സൈസും കസ്റ്റംസും സംഘത്തെ ഏറെനാളായി നിരീക്ഷിച്ചു വരികയായിരുന്നു.