കൊച്ചി: മോഷണം, ലഹരി വസ്തുക്കളുടെ കടത്തൽ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസിനു കീഴിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇന്നലെ പിടിയിലായത് ആറുപേർ. വിദ്യാർഥികളടക്കം ലഹരി വാഹകരാകുന്പോൾ കൊച്ചിയിലേക്ക് മയക്കുമരുന്നു കടത്ത് വർധിക്കുന്നതായി സൂചന. മാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാന്പുകളുമായി വിദ്യാർഥിയെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. തൃശൂർ കുരിയച്ചിറ പുലിക്കാട്ടിൽ കിരണ്ബാബു (21) ആണ് പിടിയിലായത്. സെൻട്രൽ പോലീസും ഡാൻസാഫും ചേർന്നാണു പ്രതിയെ പിടികൂടിയത്.
കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണർ വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സെൻട്രൽ എസ്.ഐ. കിരണ് സി. നായർ, ഡാൻസാഫ് എസ്ഐ ജോസഫ് സാജൻ എന്നിവർ ചേർന്നാണ് എറണാകുളം സൗത്ത് ഭാഗത്തുനിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. വളരെ രഹസ്യമായി സൂക്ഷിക്കാൻ കഴിയുന്നതും ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം സ്റ്റാന്പ് രൂപത്തിലുള്ള മയക്കുമരുന്നാണ് എൽഎസ്ഡി. ഉന്നത പഠനം നടത്തുന്നതിനുവേണ്ടി ഇതരസംസ്ഥാനത്ത് പോകുന്ന കുട്ടികൾ വഴിയും യുവക്കൾ വഴിയുമാണ് മയക്കുമരുന്നുകൾ കൊച്ചിയിലെത്തുന്നതെന്നു പോലീസ് പറഞ്ഞു.
പ്രതിയെ കോടതിയിൽ ഹാജരാക്കി. കടവന്ത്ര മാവേലി റോഡിൽനിന്നും മോട്ടോർ സൈക്കിൾ മോഷണം നടത്തിയ മയക്കു മരുന്ന് വിൽപ്പനക്കാരായ രണ്ട് യുവാക്കളെയും പോലീസ് പിടികൂടി. നെട്ടൂർ പാറയിൽ സുജിൽ (19), കൂനമ്മാവ് കൂട്ടുപുരക്കൽ ഷനിൽ (20) എന്നിവരെ കടവന്ത്ര പോലീസാണ് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർ വിപിൻ കുമാറിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മോട്ടോർ സൈക്കിൾ മോഷണം നടത്തി കടന്നു കളയാൻ ശ്രമിക്കവേയാണ് ഇരുവരും പിടിയിലായതെന്നു പോലീസ് പറഞ്ഞു.
പ്രതികളുടെ പക്കൽനിന്നും മയക്കു മരുന്ന് ഗുളികകളും കണ്ടെടുത്തു. മയക്കു മരുന്ന് കൈവശം വച്ചതിനും വാഹന മോഷണം നടത്തിയതിനും ഇരുവർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വിൽപ്പനക്കെത്തിച്ച 13.2 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളും ഇന്നലെ പോലീസ് പിടിയിലായി. കൃഷ്ണചന്ദ്ര രജക്, സുബ്ഹാം സാഹൂ എന്നിവരെയാണു തൃക്കാക്കര അസി. കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും എളമക്കര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണ് ഇരുവരും പിടിയിലായത്. ട്രെയിനിൽ കടത്തിക്കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു. കഞ്ചാവിന്റെ ഉറവിടം, കൊച്ചിയിലെ ഇടപാടുകാർ എന്നിവ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരെയും പോലീസ് ചോദ്യംചെയ്തുവരികയാണ്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
വെണ്ണല മംഗലയിൽ ഭദ്രകാളി ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ഷേത്ര പരിസരത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരം രൂപയോളം മോഷണം നടത്തിയ കേസിലെ പ്രതിയായ ഫോർട്ട് കൊച്ചി ഇലഞ്ഞിക്കൽ ഫ്രാൻസീസ്(ഉണ്ട ഫ്രാൻസീസ്-62) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. ഫോർട്ട് കൊച്ചി പോലീസിന്റെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ കുരുക്കിയത്.
നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാളെ എസ്ഐ എ.ജി. ബിബിൻ, എഎസ്ഐ സുനിൽ കുമാർ, എസ്സിപിഒ ഗിരീഷ് കുമാർ, സിപിഒ പി.ബി. അനീഷ്, ശ്രീരാജ്, മാഹിൻ അബൂബേക്കർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.