ചെന്നൈ: തമിഴ്നാട് തീരത്ത് ബോട്ടിൽ നിന്നും 108 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. രാമനാഥപുരം ജില്ലയിലെ മണ്ഡപം തീരത്തിനടുത്ത് നിന്നും 99 കിലോ ഹാഷിഷ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്നാണ് പിടികൂടിയത്.
ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന ബോട്ടിൽ ഡിആർഐ, ചെന്നൈ സോണൽ യൂണിറ്റ്, ഐസിജി മണ്ഡപം എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്.
മണ്ഡപം കടൽത്തീരത്തിന് സമീപമുള്ള തീരദേശ റൂട്ട് വഴി ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് മാർച്ച് നാല്, അഞ്ച് തീയതികളിൽ രാത്രിയിൽ കോസ്റ്റ് ഗാർഡിന്റെ കപ്പൽ വഴി ഉദ്യോഗസ്ഥർ മാന്നാർ ഉൾക്കടലിൽ നിരീക്ഷണം നടത്തിയിരുന്നു.
ബോട്ടിലുണ്ടായിരുന്ന നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ, ബോട്ടിലുണ്ടായിരുന്ന ബാഗുകളിൽ മയക്കുമരുന്നാണെന്നും പാമ്പൻ തീരപ്രദേശത്ത് നിന്നും ഒരാൾ കൈമാറിയതാണ് ഇതെന്നും ഇവർ പറഞ്ഞു. ശ്രീലങ്കയിലുള്ളവർക്ക് കൈമാറാനാണ് തങ്ങൾക്ക് ലഭിച്ച നിർദേശമെന്നും അവർ സമ്മതിച്ചു.