കൊച്ചി: ഹാഷിഷ് ഓയിൽ, കൊക്കൈൻ, എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുമായി യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിലായ സംഭവത്തിൽ സിനിമ, സീരിയൽ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. സിനിമാ രംഗത്തു പ്രവർത്തിക്കുന്ന ചിലർ നിരീക്ഷണത്തിലാണെന്നാണ് അധികൃതർ പറയുന്നത്. സിനിമ, സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന ചിലർക്കായി എത്തിച്ച ലഹരിവസ്തുക്കളുമായി യുവതി ഉൾപ്പെടെയുള്ള സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നത്.
കാസർഗോഡ് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ബിലാൽ (32), എറണാകുളം പള്ളുരുത്തി സ്വദേശിനി ഗ്രീഷ്മ (24), കണ്ണൂർ തലശേരി സ്വദേശി ചിഞ്ചു മാത്യു (24) എന്നിവരെയാണു ഷാഡോ പോലീസ് അറസ്റ്റു ചെയ്തത്. സിനിമ, സീരിയൽ രംഗത്തുള്ളവർക്കു പുറമേ നഗരത്തിലെ ചില പ്രമുഖ റസ്റ്ററന്റുകളുടെയും റെഡിമെയ്ഡ് ഷോപ്പുകളുടെയും ഉടമകളും ഇവരുടെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നുവെന്ന വിവരമാണു പോലീസ് നൽകുന്നത്.
പോലീസ് നടത്തിയ റെയ്ഡിൽ ലഹരി വസ്തുക്കളുടെ വിൽപ്പന കൂടാതെ ഉപയോഗിക്കാനുള്ള സൗകര്യവും ഇവരുടെ താമസസ്ഥലത്ത് ഒരുക്കിയിരുന്നതായി കണ്ടെത്തിയിരുന്നു. പ്രതികളുമായി ബന്ധപ്പെട്ട സിനിമ, സീരിയൽ രംഗത്തുള്ളവരുടെയടക്കമുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കറുപ്പസ്വാമി അറിയിച്ചു.
മുഹമ്മദ് ബിലാലും ഗ്രീഷ്മയും താമസിക്കുന്ന ചിലവന്നൂർ ബണ്ട് റോഡിലുള്ള വാടക വീട് റെയ്ഡ് ചെയതാണു ലഹരി വസ്തുക്കൾ കണ്ടെടുത്തത്. കൊക്കൈൻ, രണ്ടു ഗ്രാം വീതമുള്ള നിരവധി പായ്ക്കറ്റ് എംഡിഎംഎ, എൽഎസ്ഡി സ്റ്റാന്പുകൾ, എക്റ്റസി പിൽസ് തുടങ്ങിയ ന്യൂജെൻ ലഹരി മരുന്നുകളും നിരവധി പായ്ക്കറ്റ് ഹാഷിഷ്, കഞ്ചാവ് തുടങ്ങിയവയും കണ്ടെടുത്തു. ലഹരിമരുന്നു മാഫിയയ്ക്കെതിരേ സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഓപ്പറേഷനായ ഡസ്റ്ററിന്റെ ഭാഗമായിട്ടായിരുന്നു തെരച്ചിൽ.
ഇവർക്കു ഗോവയിലെ അന്താരാഷ്ട്ര ലഹരിമരുന്നു മാഫിയയുമായി അടുത്ത ബന്ധമാണുള്ളതെന്നും നഗരത്തിലെ ലഹരി ഉപഭോക്താക്കൾക്കായി ന്യൂജെൻ കെമിക്കൽ ഡ്രഗുകൾ എത്തിക്കുന്നതിലെ പ്രമുഖ കണ്ണികളാണു പിടിയിലായ ബിലാലും ഗ്രീഷ്മയെന്നും പോലീസ് പറഞ്ഞു. ഇവർക്ക് കഞ്ചാവും ഹാഷിഷും എത്തിച്ചു നൽകുന്നത് കണ്ണൂർ സ്വദേശിയായ ചിഞ്ചു മാത്യു ആയിരുന്നു. കാക്കനാട്ടെ ഫ്ളാറ്റിൽനിന്നാണ് ഇയാളെ പിടികൂടിയത്.