പാലാ: ഉള്ളനാട് ഭാഗത്ത് പാലാ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ മയക്കുമരുന്നായി ദുരുപയോഗം ചെയ്തുവരുന്ന മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റ് ശേഖരം പിടികൂടി.കൊറിയറില്‍ എത്തിച്ച മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റിന്റെ 300 ബോട്ടിലുകളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഉള്ളനാട് ചിറയ്ക്കല്‍ ജിതിന് ജോസിനെ (കണ്ണന് -35) അറസ്റ്റ് ചെയ്തു.
കഞ്ചാവ് അടക്കം ലഹരി ഇനങ്ങള്‍ക്ക് പകരം ഞരമ്പുകളില്‍ സിറിഞ്ച് ഉപയോഗിച്ച് ഇത് കുത്തിവച്ചാല്‍ ഒരു ദിവസത്തോളം ഉന്മാദം ലഭിക്കും. പാലാ എക്സൈസ് റേഞ്ച് പരിധിയില്‍ വ്യാപകമായി ലഹരിക്കായി ഇത് ഉപയോഗിച്ചു വരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
സെക്കന്തരാബാദില്നിന്നാണ് ജിതിന് മരുന്ന് കൊറിയര്‍ മുഖേന എത്തിച്ചിരുന്നത്. ജിതിന്റെ കൈവശമുണ്ടായിരുന്ന നൂറു ബോട്ടിലുകള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ജിതിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇരുന്നൂറ് ബോട്ടിലുകള്‍കൂടി പിടിച്ചെടുത്തു. ഏറെക്കാലമായി ഇയാള്‍ മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റ് ഇത്തരത്തില്‍ കൊറിയര്‍ മുഖേന എത്തിച്ച് വില്പന നടത്തിയിരുന്നു. സമാനമായ മറ്റ് മരുന്നുകളും ഇയാൾ എത്തിച്ചിരുന്നോ എന്നതില്‍ അന്വേഷണം നടക്കുകയാണ്.ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ജിതിന് ഇത് വിതരണം നടത്തുന്നതായി കണ്ടെത്തിയിരുന്നു.
ഹൃദയ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ബ്ലഡ് പ്രഷര്‍ താഴ്ന്നു പോകാതിരിക്കാന്‍ നല്കുന്ന മരുന്നാണ് ഇത്തരത്തില്‍ വ്യാപകമായി ദുരുപയോഗം ചെയ്തുവരുന്നത്. 140 രൂപ വിലയുള്ള മെഫന്‍ടെര്‍മൈന്‍ ബോട്ടില്‍ 600 രൂപ നിരക്കിലാണ് ഇയാള്‍ വിറ്റിരുന്നത്.ഒരേ സിറിഞ്ച് ഒന്നിലേറെ പേര് കുത്തിവയ്ക്കുന്ന സാഹചര്യത്തില്‍ എച്ച്ഐവി അടക്കമുള്ള മാരക വൈറസുകളും ഗുരുതര ശാരീരിക പ്രത്യാഘാതങ്ങളും ഉണ്ടാകാന്‍ ഇത് കാരണമായേക്കാം.
പിടിച്ചെടുത്ത മെഫന്‍ടെര്‍മൈന്‍ ഡ്രഗ്സ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. ഹൈദരാബാദ്, സെക്കന്തരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ കടലാസു മരുന്നു കമ്പനികള്‍ ഓണ്‍ലൈണ്‍ മുഖേന നടത്തുന്ന ബുക്കിംഗ് വഴി ലഹരിമാഫിയ സംഘങ്ങള്‍ക്ക് ഇത്തരം മരുന്നുകള്‍ വ്യാപകമായി എത്തിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ജിമ്മിലും വടംവലി മത്സരത്തിലും പങ്കെടുക്കുന്ന ചിലര്‍ ഈ മരുന്ന് ഉപയോഗിക്കുന്നതായി എക്സൈസ് പറയുന്നു.
ചെറിയ തോതില്‍ ഉപയോഗിച്ചുതുടങ്ങി ഏറെ വൈകാതെ സ്ഥിരമായ ആസക്തിയിലെത്തിക്കുന്നതാണ് ഈ മരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലായിലും പരിസര പ്രദേശത്തുമാണ് ഇയാള്‍ മരുന്നു വില്‍പ്പന നടത്തിയിരുന്നത്. റബര്‍ സ്ലോട്ടറിനെടുത്ത് ടാപ്പു ചെയ്യുന്ന ആളാണ് ജിതിന്.
റെയ്ഡില്‍ പാലാ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബി. ദിനേശ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, ഡ്രഗ് ഇന്‍സ്പെക്ടര്‍മാരായ ബബിത കെ. വാഴയില്‍, താരാ എസ്. പിള്ള, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ മനു ചെറിയാന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അച്ചു ജോസഫ്, എം. അക്ഷയ് കുമാര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സുജാത സിബി, സിവില്‍ എക്സൈസ് ഡ്രൈവര്‍ സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.