യൗവനവും കൗമാരവും കവർന്ന് അതിവേഗം ബഹുദൂരം മുന്നേറുകയാണ് രാജ്യത്തിന്റെ ലഹരി ആസക്തി. ഈ വിപത്തിന്റെ ഏറ്റവും വലിയ ഇടത്താവളമായി കേരളവും മാറിയിരിക്കുന്നു.
കൗമാരക്കാരികൾ മുതൽ കുടുംബിനികൾ വരെയുള്ള സ്ത്രീകളും ലഹരിയുടെ ഈ മായാ ലോകത്തു മതിമറക്കുന്നു. സ്കൂൾ കുട്ടികളും മാഫിയയുടെ ഇരകളായി മാറി.
പ്രലോഭനത്തിനും ഭീഷണിക്കുമൊടുവില് ലഹരിയില്ലാത്ത ജീവിതത്തെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം നരകയാതനയിലേക്കാണ് അവരെയെത്തിച്ചിരിക്കുന്നത്.
ഇത്തരത്തിൽ കച്ചമുറുക്കുന്ന രാജ്യാന്തര ലഹരി മാഫിയ്ക്ക് ആരു കൂച്ചുവിലങ്ങിടും..?
മയക്കാൻ വല
ഭാവി തലമുറയെ വേരോടെ നശിപ്പിക്കുന്ന അതിമാരക മയക്കുമരുന്നുകളുടെ സംഭരണ ശക്തിയുമായി ലഹരി സംഘങ്ങള്‍ ചുറ്റും വലവിരിച്ചു കാത്തിരിക്കുന്നു.
ഇത് ആലങ്കാരിക പ്രയോഗമായി തള്ളിക്കളയണ്ട. മറിച്ച് വർത്തമാനകാല യാഥാര്‍ഥ്യമാണ്. വിദ്യാലയങ്ങളിലെ ലഹരിയുടെ കടന്നുവരവ് അതികരിച്ചതോടെ കാമ്പസ് പോലീസ് യൂണിറ്റുകള്‍ സ്ഥാപിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് ഒരു ചൂണ്ടുവിരലാണ്.
കേരളത്തിലെ വിദ്യാര്‍ഥികളിലടക്കം ലഹരി ഉപയോഗം വ്യാപകമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
ലഹരി മുക്ത ചികിത്സയ്ക്കു ബംഗളൂരു നിംഹാന്‍സിന്റെ കേന്ദ്രം ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്താൽ ഉറപ്പാക്കണമെന്ന നിര്ദേശങ്ങളുൾപ്പെടെയാണ് കോടതി മുന്നോട്ടു വച്ചിരിക്കുന്നത്.
പോലീസ്, എക്സൈസ്, നാര്‍ക്കോട്ടിക് സെൽ തുങ്ങിയ വിഭാഗങ്ങളുടെ വലയിൽ ദിനംപ്രതി നിരവധി പേര് കുടുങ്ങുന്നുണ്ടെന്നതു ശരിയാണ്.
ഇത്തരത്തില്‍ പിടിക്കപ്പെടുന്നതാകട്ടെ ചങ്ങലയിലെ ഒടുവിലെ കണ്ണികൾ മാത്രമാണ്. പിടിയിലൊതുങ്ങാത്ത വമ്പൻ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ തന്നെ ഇതിനു പിന്നില്‍ നിർലോഭം പ്രവര്‍ത്തിക്കുന്നുണ്ട്.
നൂറു കണക്കിനു ലഹരിക്കടത്തുകൾ ലക്ഷ്യസ്ഥാനത്ത് കൃത്യതയോടെ എത്തിക്കുമ്പോള്‍ ഒന്നോ രണ്ടോ കേസുകൾ മാത്രം പിടിക്കപ്പെടുന്നു എന്നന്നതാണ് യാഥാർഥ്യം.
മയങ്ങാൻ മറുമരുന്ന് തേടി
കള്ളിലും കഞ്ചാവിലും ഒതുങ്ങാത്ത മലയാളിയുടെ ലഹരിബോധം ഇന്നു മയങ്ങാൻ മറുമരുന്ന് തേടി അലയുകയാണ്.
ഈ അലച്ചിലില്‍ പലരും ചെന്നെത്തുന്നത് പിന്നീടൊരിക്കലും തിരിച്ചു കയറാനാകാത്ത കൊടുംചതിയുടെ പാതാളത്താഴ്ചകളിലേക്കാണ്.
ഇത്തരക്കാർക്കു തിരിച്ചറിവുണ്ടാകുമ്പോഴേക്കും അവരുടെ ആയുസും ആരോഗ്യവും എന്തിനേറെ കുടുംബ ജീവിതം കൈവിട്ടു പോയിട്ടുണ്ടാകും.
ലഹരിയുടെ മറുമരുന്നുകൾ തേടിപ്പോകുന്നവരിലധികവും വിദ്യാസമ്പന്നരായ യുവ ജനതയാണെന്നതാണ് ഏറെ ആശങ്കാജനകം.
ആഘോഷങ്ങള്‍ക്ക് വേണ്ടി ലഹരി സംഘടിപ്പിക്കുന്നതിനു പകരം ഇന്നു ലഹരിക്കു വേണ്ടി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിലേക്കു കാലം മാറിപ്പോയിരിക്കുന്നു.
പുലരുവോളം പതഞ്ഞു പൊങ്ങുന്ന ലഹരിയില്‍ മുങ്ങി നിവരുന്ന ആണ്, പെണ് വ്യത്യാസമില്ലാത്ത നിശാപാര്‍ട്ടികൾ എവിടെയും സജീവമാണ്.
വീര്യം കൂടിയ ലഹരി വസ്തുക്കളുമായി പിടിക്കപ്പെടുന്നവരിലധികവും ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ നിയോഗിക്കപ്പെട്ട വെറും കാരിയറുകള്‍ മാത്രമാണ്.
അതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വന്‍ റാക്കറ്റുകളിലേക്കോ ലഹരിക്കടത്തിന്റെ ഉറവിടങ്ങളിലേക്കോ ഒരിക്കലും അന്വേഷണം കടന്നു ചെല്ലാറില്ല.
മാത്രമല്ല, ലഹരിയുടെ വരവ് തടയുന്നതിനു കൃത്യമായ പദ്ധതികള്‍ പോലും ആവിഷ്കരിച്ചു നടപ്പാക്കാൻ അധികാരികൾക്കു കഴിയുന്നുമില്ല.
സമാന്തര രഹസ്യാന്വേഷണം
രാജ്യത്തെ തന്ത്രപ്രധാനമായ രഹസ്യാന്വേഷണ ഏജന്‍സികളെപ്പോലും വെല്ലുന്ന സമാന്തര സംവിധാനങ്ങളോടെയാണ് അന്താരാഷ്്ട്ര ലഹരി മാഫിയകളുടെ പ്രവര്‍ത്തനം. അതുകൊണ്ടു തന്നെ ലഹരിക്കടത്ത് പിടിക്കപ്പെടുക അത്രയെളുപ്പവുമല്ല.
ലഹരിയൊഴുകുന്ന വഴികളും എത്തിപ്പെടുന്ന കേന്ദ്രങ്ങളും കൃത്യമായി കണ്ടെത്താൻ എന്തുകൊണ്ട് പോലീസടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങൾ പരാജയപ്പെടുന്നുവെന്നു തുറന്നു പറയേണ്ട സ്ഥിതിയിലേക്കാണ് സമീപകാല സംഭവങ്ങളുടെ പോക്ക്.
കാമ്പസുകളിലെ പോലീസ്, എക്സൈസ് പരിശോധനകൾക്ക് പരിമിതികളുണ്ട്. ഇതു കാമ്പസിനകത്ത് ലഹരിയെത്തിക്കുന്ന മാഫിയകളുടെ ദൗത്യം വിജയകരമാക്കി മാറ്റുന്നതാണു പതിവ്.
കൂടാതെ പിടിക്കപ്പെടാനുള്ള സാധ്യതയും വിരളമാണ്. ഈ സാഹചര്യത്തിലാണ് കാമ്പസുകളിലെ ലഹരി ഉപഭോഗം തടയുന്നതിനു കാമ്പസ് പോലീസ് യൂണിറ്റുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം ഹൈക്കോടതി മുന്നോട്ടുവച്ചത്.
രാജ്യം ജാഗ്രതയിൽ
മയക്കുമരുന്ന് കള്ളക്കടത്ത് വ്യാപാരം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ ഇടപെടല്‍ നടത്തുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഈ ഭീഷണി നേരിടാന്‍ വിവിധ സംഘടനകളെ ഏകോപിച്ചുകൊണ്ടുള്ള ഒരു പദ്ധതിയ്ക്ക് രൂപം നൽകാനാണ് സര്‍ക്കാര്‍ തീരുമാനം.
15നും 64നും ഇടയിലുള്ള 5.5 ശതമാനം ആളുകളും ലോകത്ത് മയക്കുമരുന്നു ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതായത് 27 കോടിയിലധികം ആളുകള്‍ ഇത്തരം മയക്കുമരുന്ന് ഉപയോഗത്തിന് അടിമകളാണ്. 2010ൽ ഇത് 21 കോടി ആയിരുന്നു.
മയക്കുമരുന്ന് വ്യാപാരം സാമൂഹ്യ വിരുദ്ധര്‍ക്കും ഭീകരസംഘടനകള്‍ക്കും പ്രധാന വരുമാന മാര്‍ഗമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഭീകരസംഘടനകള്‍ ഈ വരുമാനം ഉപയോഗിക്കുന്നത്.
ഭീകരതയ്ക്കും മയക്കുമരുന്ന് കടത്തിനുമെതിരായി അന്തര്‍ദേശീയ സംഘടനകളുടെ സഹായമുള്‍പ്പെടെ തേടി ഫലപ്രദമായി ചെറുത്തു തോല്പിക്കേണ്ടതുണ്ട്.
നിയമ വിരുദ്ധ മയക്കുമരുന്ന് കടത്തിനെതിരേ സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനവും രൂപപ്പെടുത്തിയെടുക്കണം.
വരാനിരിക്കുന്ന വലിയ ദുരന്തത്തിനെതിരേ പാലിക്കേണ്ട ജാഗ്രതയും സാമൂഹികമായി നാം ഓരോരുത്തരും ലഹരിക്കെതിരായ പോരാട്ടത്തില്‍ കണ്ണിചേരേണ്ടതിന്റെ അനിവാര്യതയും അത്യന്താപേക്ഷിതമായ കാലത്തിലൂടെയാണ് രാജ്യം ഇന്ന് കടന്നു പോകുന്നത്
ലഹരിയുടെ ഓരോ ചങ്ങലക്കണ്ണികളെക്കുറിച്ചും ആഴത്തിലുള്ള ബോധവല്ക്കരണങ്ങളുണ്ടാകണം. അത്തരം കണ്ണികളെ പിഴുതെറിയാന്‍ നിയമ സംവിധാനങ്ങള്‍ക്കു കഴിയണം. ഒപ്പം അതിനെതിരേ ജാഗ്രത പാലിക്കാന്‍ ഭരണാധികാരികളും പോലീസ്, എക്സൈസടക്കമുള്ള സംവിധാനങ്ങളും സധൈര്യം മുന്നോട്ടു വരണം.അല്ലാത്ത പക്ഷം വലിയ ദുരന്തം തന്നെയായിരിക്കും നമുക്ക് നേരിടേണ്ടി വരിക.
(അവസാനിച്ചു)
തയാറാക്കിയത്: റിയാസ് കുട്ടമശേരി