ലോകത്തെ ഏറ്റവും അസ്വസ്ഥമായ രാജ്യങ്ങളിലൊന്നായ പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ നഴ്‌സറി എന്നതിനൊപ്പം തന്നെ കിരാതമായ നിയമങ്ങളുടെ സംരക്ഷകര്‍ കൂടിയാണ്. രാജ്യത്തെ ന്യൂനപക്ഷത്തെ വേട്ടയാടാന്‍ ഇവര്‍ ഉപയോഗിക്കുന്ന പ്രധാന ആയുധമാണ് ‘ബ്ലാസ്‌ഫെമി’. ഇംഗ്ലീഷില്‍ ഈ വാക്കിന്റെ അര്‍ഥം മതനിന്ദ അല്ലെങ്കില്‍ ഈശ്വരനിന്ദ എന്നിങ്ങനെയൊക്കെയാണ്.
എന്നാല്‍ പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളുടെ മതത്തെയോ ദൈവത്തെയോ നിന്ദിച്ചാലോ അവരുടെ ആരാധനാലയങ്ങള്‍ പൊളിച്ചാലോ ഈ ശിക്ഷ ബാധകമല്ലെന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത.
ഈ കിരാതനിയമത്തില്‍ കുടുങ്ങി 1967 മുതല്‍ 2014 വരെ ശിക്ഷിക്കപ്പെട്ടത് 1,300ല്‍ അധികം അളുകളാണ്. പലര്‍ക്കും കിട്ടിയത് വധശിക്ഷയാണ്. പൊതുവായ മതനിന്ദക്കെതിരെ ബ്രിട്ടീഷ് ഭരണകാലത്ത് തയ്യാറാക്കിയ നിയമത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് ഇന്നത്തെ രീതിയിലാക്കിയത് 1980 ലായിരുന്നു.
അതിനു ശേഷം ചുരുങ്ങിയത് 75 പേരെങ്കിലും ദൈവനിന്ദയുടെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പലരെയും മതഭ്രാന്തരായ നാട്ടുകാരാണ് കൊലപ്പെടുത്തിയെന്നതാണ് മറ്റൊരു വസ്തുത. ദൈവനിന്ദയുള്ള പോസ്റ്റുകള്‍ ഓണ്‍ലൈനില്‍ പോസ്റ്റുചെയ്തു എന്നാരോപിച്ച 2017 ല്‍ അബ്ദുള്‍ വാലി ഖാന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്ന മാഷാല്‍ ഖാനെ ഒരുപറ്റം ആളുകള്‍ ആക്രമിച്ചു കൊന്നതുതന്നെ ഇതിനൊരു ഉദാഹരണമാണ്.
ഈ നിയമത്തിലെ വധശിക്ഷ ഒഴിവാക്കണമെന്നു പറഞ്ഞതിനാണ് 2011ല്‍ അന്നത്തെ ന്യൂനപക്ഷകാര്യ മന്ത്രിയായിരുന്ന ഷഹ്ബാസ് ഭട്ടിയെ വെടിവെച്ചു കൊന്നത്. കിണറ്റില്‍ നിന്ന് വെള്ളം കോരിയതിന്റെ പേരിലുള്ള തര്‍ക്കമാണ് ആസിയ ബീവിയ്ക്കു മേല്‍ മതനിന്ദ കുറ്റം ചുമത്താന്‍ കാരണമായത്. ഇവരെ പിന്തുണച്ച പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റാണ് മരിച്ചത്.
ഈ കരിനിയമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ആസിഫ് പെര്‍വെയ്‌സ് എന്ന കൃസ്തുമത വിശ്വാസി. സൂപ്പര്‍ വൈസര്‍ക്ക് ദൈവനിന്ദ അടങ്ങുന്ന സന്ദേശം അയച്ചു എന്നതാണ് ആസിഫിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. ഈ കുറ്റത്തിന് ഇയാള്‍ 2013 മുതല്‍ തടവിലാണ്.
ഒരു വസ്ത്രനിര്‍മ്മാണ കമ്പനിയില്‍ ജോലിചെയ്തിരുന്നയാളായിരുന്നു ആസിഫ്. അവിടെ സൂപ്പര്‍വൈസറായിരുന്ന മുഹമ്മദ് സയിദ് ഖോഖെര്‍ തന്നെ ഇസ്ലാമിലേക്ക് മതംമാറ്റാന്‍ ശ്രമിച്ചുവെന്നാണ് ആസിഫ് പറയുന്നത്. ഇതിന് ഇയാള്‍ തയ്യാറാകാതെ വന്നതോടെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. ഈ
കേസിലാണ് ഇപ്പോള്‍ ആസിഫിനെ മരണം വരെ തൂക്കിലേറ്റാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം ഖോഖെര്‍ ഇത് നിഷേധിക്കുകയാണ്. ചെയ്ത തെറ്റ് ന്യായീകരിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് അയാള്‍ തന്റെ പേര് വലിച്ചിഴക്കുന്നത് എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. കമ്പനിയില്‍ കൃസ്തുമത വിശ്വാസികളായ വേറെയും ആളുകളുണ്ടെന്നും അവര്‍ക്കാര്‍ക്കും ഇത്തരത്തിലുള്ള പരാതികളില്ലെന്നും അയാള്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ 80നടുത്ത് ആളുകള്‍ മതനിന്ദക്കുറ്റം ചുമത്തപ്പെട്ട് പാകിസ്ഥാന്‍ ജയിലുകളിലുണ്ട്. അതില്‍ മിക്കവര്‍ക്കും വിധിച്ചിരിക്കുന്നത് വധശിക്ഷയാണ്. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ കമ്മീഷന്റെ കണ്ടുപിടുത്തമാണിത്. ന്യുനപക്ഷ വിഭാഗങ്ങളായ ഹിന്ദു, കൃസ്ത്യന്‍ വിശ്വാസികള്‍ക്ക് നേരെയാണ് ഈ നിയമം കൂടുതലായി ഉപയോഗിക്കുന്നതെന്നും കമ്മീഷന്‍ പറയുന്നു. മതനിന്ദാക്കുറ്റത്തിന്റെ ഇരകളെ കൊലപ്പെടുത്തുന്നവര്‍ക്ക് പൊതു സമൂഹത്തില്‍ വലിയ സ്വീകാര്യതയാണ് കിട്ടുന്നതെന്നതും പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെയാകെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.