എസ്.ആർ. സുധീർ കുമാർ
കൊല്ലം: ലഹരിക്കടത്തിന് പുതുവഴികൾ തേടി മാഫിയാ സംഘങ്ങൾ. സംസ്ഥാനത്ത് സ്വകാര്യ ഫാർമസികളെയും മെഡിക്കൽ സ്റ്റോറുകളെയും മറയാക്കി വൻതോതിൽ ദ്രവരൂപത്തിലുള്ള ലഹരിമരുന്ന് വിപണനം നടക്കുന്നതായി എക്സൈസ് ഉന്നതർക്ക് വിവരം ലഭിച്ചു.
ഈ മാഫിയാ സംഘങ്ങൾ കൊറിയർ സ്ഥാപനങ്ങൾ വഴിയാണ് മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിവിധ ജില്ലകളിൽ വിൽപന നടത്തുന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഈ സംഘത്തിൽപ്പെട്ട രണ്ട് യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കടത്തിന്റെ നൂതന വഴികളുടെ ചുരുളഴിഞ്ഞത്.
മാരക മയക്കുമരുന്നായ ഡയസിപാം ഇൻജക്ഷനാണ് വ്യാവസായിക അടിസ്ഥാനത്തിൽ കൊറിയർ മുഖാന്തിരം വരുത്തി സംഘം വിപണനം നടത്തുന്നതെന്ന് എക്സൈസ് ഉന്നതൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ഫാർമസികളുടെയും മെഡിക്കൽ സ്റ്റോറുകളുടെയും മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ലൈസൻസ് അടക്കമുള്ള വിവരങ്ങൾ സംഘം മൊബൈൽ ഫോണിൽ പകർത്തും.
ഈ വിവരങ്ങൾ ഉൾപ്പെടുത്തി ഓൺലൈനിൽ പണം അടച്ച് മയക്കു മരുന്ന് കൊറിയർ വഴി വരുത്തുന്നതാണ് രീതി. ഇ മെയിൽ വഴി ഓർഡർ ചെയ്യുമ്പോൾ സംഘത്തിലുള്ളവർ അവരുടെ മൊബൈൽ നമ്പറുകളാണ് ബന്ധപ്പെടുന്നതിനായി നൽകുക.
ഹൈദരാബാദിലെ മരുന്ന് നിർമാണ കമ്പനികൾക്കാണ് ഇവർ ഓർഡർ നൽകുന്നത്. ഏതെങ്കിലും മെഡിക്കൽ സ്റ്റോറിന്റെ അഡ്രസിൽ അയയ്ക്കുന്ന കൊറിയർ അവിടുന്ന് അയച്ചു കഴിഞ്ഞാൽ ലൊക്കേഷൻ ട്രാക്ക് ചെയ്തുള്ള സന്ദേശങ്ങൾ ഓരോ ദിവസവും കൃത്യമായി സംഘത്തിലുള്ളവരുടെ ഫോണിൽ ലഭിക്കും.
അതനുസരിച്ച് കൊറിയർ എത്തുമ്പോൾ സ്ഥാപനങ്ങൾക്ക് സമീപം കാത്തുനിന്ന് മയക്കുമരുന്ന് കൈപ്പറ്റുകയാണ് ഇവരുടെ രീതി.ഇത്തരത്തിൽ ആലപ്പുഴയിലെ ഒരു ഫാർമസിയുടെ അഡ്രസ് ഉപയോഗിച്ച് സംഘം മയക്കുമരുന്ന് ഓർഡർ ചെയ്തു.
പാഴ്സൽ ആലപ്പുഴയിൽ എത്തിയപ്പോൾ കൊറിയർ കമ്പനി ജീവനക്കാർ ബന്ധപ്പെട്ട മൊബൈൽ ഫോൺ നമ്പറുകളിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് കൊറിയർ കമ്പനി പ്രതിനിധികൾ ആലപ്പുഴയിലെ ഫാർമസിയിൽ നേരിട്ട് ബന്ധപ്പെട്ടു.
അങ്ങനെ ഒരു ഓർഡർ തങ്ങൾ നൽകിയിട്ടില്ല എന്നായിരുന്നു മറുപടി.സംശയം തോന്നിയ കൊറിയർ കമ്പനി അധികൃതർ വിവരം എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവരുടെ നിർദേശാനുസരണം കൊറിയർ കമ്പനി പ്രതിനിധികൾ ഓർഡറിന് ഒപ്പമുള്ള മൊബൈൽ നമ്പറുകളിൽ നിരന്തരം ബന്ധപ്പെട്ടു.
ഒടുവിൽ ഒരു ഫോണിൽനിന്ന് പ്രതികരണമുണ്ടായി. അതനുസരിച്ച് സ്ഥലത്തെത്തി ഓർഡർ കൈപ്പറ്റി പോകവേ എക്സൈസ് സംഘം രണ്ട് യുവാക്കളെ അതിസാഹസികമായി പിടികൂടുകയായിരുന്നു.ഇവരിൽനിന്ന് ഡയസിപാം ഇൻജക്ഷന്റെ 10 മില്ലി ലിറ്ററിന്റെ 100 കുപ്പികളാണ് പിടിച്ചെടുത്തത്.
ഒരു കുപ്പിക്ക് 1000 മുതൽ 2000 രൂപ വരെയാണ് സംഘം ആവശ്യക്കാരിൽനിന്ന് ഈടാക്കിയിരുന്നത്. വിവിധ ജില്ലകളിൽ ഇടപാടുകാർക്ക് ഇവർ മയക്കുമരുന്ന് എത്തിച്ച് നൽകിയതിന്റെ വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. കാൻസർ രോഗികൾക്ക് വേദനസംഹാരിയായാണ് ഡയസീ പാം ഇൻജക്ഷൻ ഉപയോഗിക്കുന്നത്.
നാഡീ സംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്കും ഇത് ഉപയോഗിക്കും. എന്നാൽ ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ ഈ മരുന്ന് ഒരിക്കലും ലഭിക്കില്ല. ഒരു സിറിഞ്ച് ഉപയോഗിച്ചാണ് നിരവധി പേർ മയക്കുമരുന്ന് കുത്തിവയ്ക്കുന്നത്. ഇതു വഴി ഹെപ്പറ്റൈറ്റിസ്-ബി, എയ്ഡ്സ് എന്നീ രോഗ വ്യാപനത്തിനുള്ള സാധ്യത വളരെ വലുതാണ്.
നേരത്തേ ഡയസി പാം ഗുളികകൾ ലഹരിമാഫിയയിൽനിന്ന് എക്സൈസ് വിവിധ ജില്ലകളിൽനിന്ന് പിടികൂടിയിരുന്നു. കള്ളിൽ ലഹരി കൂട്ടുന്നതിന് വരെ ഈ ഗുളിക ഉപയോഗിക്കുന്നുണ്ട്.
എന്നാൽ ഡയസി പാം ഇൻജക്ഷൻ ഇത്രയും വലിയ അളവിൽ പിടികൂടുന്നത് സംസ്ഥാനത്ത് ആദ്യമാണെന്ന് എക്സൈസ് വിജിലൻസ് എസ്പി കെ. മുഹമ്മദ് ഷാഫി പറഞ്ഞു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഫാർമസി, മെഡിക്കൽ സ്റ്റോർ എന്നിവയുടെ നടത്തിപ്പുകാർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിലെ മരുന്ന് നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട ആർക്കെങ്കിലും ലഹരിമരുന്ന് കടത്തുമായി ബന്ധമുണ്ടോ എന്ന കാര്യവും എക്സൈസ് അന്വേഷിക്കുന്നുണ്ട്.