കാസര്‍ഗോഡ്: ഒരു നാടിന്റെ പ്രാര്ഥനയ്ക്കുംപിന്തുണയ്ക്കും ഫലം കണ്ടു. കളിചിരി കളുമായി ബദിയഡുക്കയിലെ സിറാജ്-ആയിഷ ദമ്പതികളുടെ മകള്‍ ലൈബ ഫാത്തിമ തിരിച്ചെത്തി.
ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഓക്സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാതെ ശ്വസിക്കാന്‍ കഴിയാതിരുന്ന 31 ദിവസം പ്രായമുള്ള കുഞ്ഞുലൈബയെ നവംബര്‍ 15നാണ് പരിയാരം മെഡിക്കല്‍ കോളജില്‍നിന്നും ആംബുലന്‍സില്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ വെറും 6.45 മണിക്കൂര്‍ കൊണ്ട് എത്തിച്ചത്.
ഒന്നരമാസത്തെ ചികിത്സയ്ക്കുശേഷം അസുഖം ഭേദമായി ലൈബ വീട്ടില്‍ തിരിച്ചെത്തി.
ഇന്നലെ രാവിലെ മാവേലി എക്സ്പ്രസില്‍ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലിറങ്ങിയ മാതാപിതാക്കളെയും ലൈബയെയും അന്ന് ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ തമീം, ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടനയായ കെഎഡിടിഎ അംഗങ്ങൾ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കേരളം ഒരിക്കല്‍ക്കൂടി ഉറക്കമൊഴിഞ്ഞു; കൈക്കുഞ്ഞിന്റെ ജീവനുവേണ്ടി
കാസര്‍ഗോഡ്: കേരളം ഒരിക്കല്‍ക്കൂടി ഉറക്കമൊഴിഞ്ഞ് കൈമെയ് മറന്നു രക്ഷാദൗത്യത്തിനിറങ്ങിയപ്പോൾ ഒരു പിഞ്ചുകുഞ്ഞിനുകൂടി പുതുജീവൻ കൈവന്നു. കാസര്‍ഗോഡ് മൊഗ്രാല്‍-പുത്തൂരിലെ അഹമ്മദ്-ഖമറുന്നീസ ദമ്പതികൾക്ക് രണ്ടുദിവസം മുന്‍പ് പിറന്ന ജാതശിശുവിനെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ എത്തിക്കാനാണ് തടസങ്ങളൊഴിവാക്കി ദേശീയപാതയിൽ പോലീസും സുമനസുകളും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്.
കാസര്‍ഗോട്ടെ യുണൈറ്റഡ് ആശുപത്രിയില്‍നിന്ന് വെള്ളിയാഴ്ച രാത്രി പത്തിനാണ് കുട്ടിയുമായി ആംബുലന്‍സ് പുറപ്പെട്ടത്. ആംബുലന്‍സ് കടന്നുപോയ വഴികളില്‍ തടസമില്ലാത്ത ഗതാഗതത്തിന് പോലീസ് നടപടി സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ കുട്ടിയുമായി ആംബുലന്‍സ് കടന്നുവരുന്ന വിവരം, റൂട്ട് തുടങ്ങിയ വിവരങ്ങള്‍ നല്‍കിയതോടെ സന്നദ്ധ സംഘടനാപ്രവർത്തകരും ജാഗരൂകരായി.
ഇന്നലെ രാവിലെ 6.50 ഓടെ ആംബുലന്‍സ് ശ്രീചിത്ര ആശുപത്രിയിലെത്തി. ചെമ്മനാട് സ്വദേശി മുനീര്‍ ഓടിച്ച കെഎല്‍ 14 എല്‍ 4247 ആംബുലന്‍സ് ആണ് ദൗത്യം ഏറ്റെടുത്തത്. വ്യാഴാഴ്ചയാണ് കുട്ടി ജനിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ശ്രീചിത്രയിലേക്ക് മാറ്റാന്‍ ഡോക്ടർമാർ നിര്‍ദേശിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കകം കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.