ചാത്തന്നൂർ: പഴക്കം ചെന്ന് തകർന്ന് വീഴാറായ കെട്ടിടം പൊളിച്ചു നീക്കാത്തത് ഉളിയനാട് സ്കൂളിന് വിനയാകുന്നു.ഉളിയനാട് ഗവ.ഹൈസ്കൂളിലെ പൊട്ടിപ്പൊളിഞ്ഞ ഓടിട്ട രണ്ട് ക്ലാസ് റൂമുളള കെട്ടിടം തുക നിർണ്ണയിച്ച് രണ്ട് തവണ ലേലം നടത്തിയെങ്കിലും ആരും ലേലംകൊണ്ടില്ല.തകർന്ന ഓടുകൾ നിരന്തരം താഴേക്ക് വന്നു വീഴുന്നതാണിപ്പോൾ അദ്ധ്യാപകരിൽ ആശങ്ക ഉണർത്തുന്നത്.
ഒന്നാം ക്ലാസു മുതൽ പത്താംക്ലാസു വരെ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കെട്ടിടത്തിന്റെ അപകടാവസ്ഥ മുന്നിൽ കണ്ടാണ് ഇത് പൊളിച്ച് മാറ്റാൻ തീരുമാനിച്ചത്.പക്ഷേ തുക നിർണയിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല.ലേലത്തുക നിർണ്ണയിച്ചതിലെ അപാകതയാണ് കാരണമെന്നാണ് ആക്ഷേപം.തൊണ്ണൂറ്റിമൂവായിരം(93000)രൂപയാണ് വില നിർണ്ണയിച്ചിരിക്കുന്നത്.കെട്ടിടം ഇപ്പോൾ നിൽക്കുന്ന സ്ഥിതിയിലാണ് ലേലത്തിൽ എടുക്കേണ്ടത്.
ഓടുകൾ മിക്കതും ഉടഞ്ഞ് വീണും മഴയിൽ കുതിർന്ന് തടി നശിക്കാനും തുടങ്ങി.ഈ കെട്ടിടത്തിന്റെ രണ്ടു വശങ്ങളിലുമുളള കെട്ടിടങ്ങളിലെ ക്ലാസ് മുറികളിൽ പഠനവും നടക്കുന്നു.കുട്ടികൾ കളിക്കുന്നതും ഇതിന് മുന്നിലാണ്.കുട്ടികൾ പലപ്പോഴും നേരിയ വ്യത്യാസത്തിലാണ് മറിഞ്ഞ് വീഴുന്ന ഓടുകളിലിൽ നിന്നും രക്ഷപെടുന്നത്.