ലോകത്ത് നടമാടുന്ന അസമാധാനത്തിന്റെ തെളിവായി പല കാലഘട്ടങ്ങളിലും നിരവധി ചിത്രങ്ങള്‍ ചരിത്രത്തിന്റെ പോലും ഭാഗമായിട്ടുണ്ട്. മിക്കപ്പോഴും ചെറിയ കുട്ടികളുടെ ദയനീയ മുഖങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. സിറിയന്‍ ബാലന് അലന് കുര്‍ദിയെപ്പോലുള്ള ധാരാളം ഉദാഹരണങ്ങള്‍ അതിനുണ്ട്.
സമാനമായ രീതിയില്‍ പാലസ്തീനിലെ ഇസ്രയേല്‍ ക്രൂരതയുടെ കുരുന്നുമുഖമായി മാറിയിരിക്കുകയാണ്, എട്ടുമാസം പ്രായമുള്ള ലൈല എന്ന പെണ്‍കുട്ടി. ജറുസലേമില്‍ യുഎസ് എംബസി തുറക്കുന്നതിന്റെ ഭാഗമായി ഗാസ അതിര്‍ത്തിയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെയാണ് ഈ കുഞ്ഞിന്റെ മരണം സംഭവിച്ചത്.
ഇസ്രായേലിന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ലോകമെങ്ങും പ്രതിഷേധമലയടിക്കുമ്പോഴാണ് ലൈലയുടെ മുഖം കണ്ണീര്ക്കാഴ്ചയാവുന്നത്.
ഗസയിലെ കൂട്ടക്കുരുതിയുടെ കുരുന്നുമുഖമായാണ് ലൈലയെ ലോകം ഉയര്‍ത്തിക്കാണിക്കുന്നത്. ലൈലയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ക്കുനേരെ പ്രയോഗിച്ച കണ്ണീര്‍വാതകം ശ്വസിച്ചാണ് ലൈലയുടെ മരണം.
ഗസയിലെ അല്‍ ഷാതി സ്വദേശികളാണ് ലൈലയും കുടുംബവും. നിരവധി പേര് ലൈലയുടെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പാലസ്തീന് പതാകയില്‍ പൊതിഞ്ഞായിരുന്നു അവളുടെ ശവസംസ്കാരം.