അടിമാലി: പൂട്ടിയിട്ട കാറിൽ പ്രായമായ സ്ത്രീയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ തേടി മകൻ എത്തി. കട്ടപ്പന സ്വദേശി മഞ്ജിത്താണ് അമ്മയെ തിരിച്ചറിഞ്ഞ് എത്തിയത്. മാധ്യമങ്ങളില്‍ നിന്നും അമ്മയെ കാറില്‍ ഉപേക്ഷിച്ചുവെന്ന വാര്‍ത്ത കണ്ടാണ് താൻ എത്തിയതെന്ന് ഇയാൾ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അടിമാലി ടൗണിനു സമീപം ആൾട്ടോ കാറിൽ വയനാട് തലപ്പുഴ സ്വദേശിനിയായ ലൈലാമണിയെ അവശനിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി പാതയോരത്തു വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. കാർ ലോക്ക് ചെയ്തിരുന്നില്ല. പോലീസെത്തി നടത്തിയ പരിശോധനയിൽ വീട്ടമ്മയുടെ ഒരു വശം തളർന്നതായി മനസിലായി.
ഇവരെ പോലീസ് അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ താക്കോലും വീട്ടമ്മയുടേതെന്നു കരുതുന്ന വസ്ത്രങ്ങളും ചില ബാങ്കിടപാട് രേഖകളും കാറിനുള്ളിലുണ്ടായിരുന്നു. വാഹന നന്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയുടെ ഭർത്താവ് വയനാട് സ്വദേശിയായ മാത്യുവാണെന്ന് കണ്ടെത്തി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.