ദാർഎസ് സലാം:ടാൻസാനിയായിലെ ഖനനത്തൊഴിലാളി ഒറ്റദിവസംകൊണ്ടു കോടീശ്വരനായി. ടാൻസാനിയായിൽ മാത്രം ലഭിക്കുന്ന ടാൻസാനൈറ്റ് എന്ന രത്നക്കല്ലുകളാണ് സാനിനു ലെയ്സർ എന്ന അന്പത്തിനാലുകാരനു ഭാഗ്യം കൊണ്ടുവന്നത്.
9.2ഉം 5.8ഉം കിലോഗ്രാം ഭാരമുള്ള രണ്ടു വലിയ കല്ലുകളാണ് ഇദ്ദേഹം ഖനനം ചെയ്തു കണ്ടെത്തിയത്. ഇതിനു മുന്പ് ഇത്രയും വലിയ രത്നക്കല്ലുകൾ ടാൻസാനിയായിൽ കണ്ടെത്തിയിട്ടില്ല. രാജ്യത്തെ ഖനന മന്ത്രാലയം 34 ലക്ഷം ഡോളർ വരുന്ന തുകയ്ക്ക് ലെയ്സന്റെ കല്ലുകൾ വാങ്ങി.
ലോകത്തെ അമൂല്യ രത്നങ്ങളിലൊന്നാണ് ടാൻസാനൈറ്റ്. വടക്കൻ ടാൻസാനിയായിൽനിന്നു മാത്രമാണ് ലഭിക്കുന്നത്. പച്ച, ചുവപ്പ്, നീല, പർപ്പിൾ നിറങ്ങളിൽ കണ്ടുവരുന്നു. 20 വർഷത്തിനകം ഈ രത്നം ഒട്ടും കിട്ടാത്ത അവസ്ഥ വരുമെന്ന് പറയപ്പെടുന്നു.
നാലു ഭാര്യമാരിലായി 30 മക്കളുള്ള ലെയ്സർ പണംകൊണ്ട് സ്കൂളും ഷോപ്പിംഗ് മാളുമൊക്കെ പണിയാൻ ഉദ്ദേശിക്കുന്നു.