ആലപ്പുഴ: തോമസ് ചാണ്ടി എംഎൽഎയുടെ വാട്ടർവേൾഡ് ടൂറിസം കന്പനിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിന് നഗരസഭയുടെ നോട്ടീസ്. അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്കെതിരെയാണ് നോട്ടീസ് നല്കിയിരിക്കുന്നത്. 15 ദിവസത്തിനകം തൃപ്തികരമായ മറുപടി നല്കിയില്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുമെന്നും ഇതിനായി ചെലവാകുന്ന തുക ഉടമസ്ഥരിൽ നിന്നും ഈടാക്കുമെന്നുമാണ് നോട്ടീസിലുള്ളത്.
നഗരസഭയുടെ എട്ട്, ഒന്പത് വാർഡുകളിൽ നിർമിച്ച റിസോർട്ടിൽ അനധികൃത കെട്ടിടനിർമാണവും പ്ലാനിൽ കാണിച്ചതിൽ നിന്നും വ്യതിചലിച്ചുള്ള നിർമാണങ്ങളും കണ്ടെത്തി. പ്ലാനിൽ നിന്നും വ്യതിചലിച്ചു നിർമിച്ച കെട്ടിടങ്ങൾ 15 ദിവസത്തിനകം പൊളിക്കുകയോ മുനിസിപ്പൽ ബിൽഡിംഗ് ചട്ടപ്രകാരം റഗുലറൈസ് ചെയ്യുകയോ വേണം.
സ്ഥലത്ത് ഇനി നിർമാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും സെക്രട്ടറി നല്കിയ നോട്ടീസിൽ പറയുന്നു. നഗരസഭയിലെ ബിൽഡിംഗ്, റവന്യു ഇൻസ്പെക്ടർമാരുടെ സംയുക്ത പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.