ആലപ്പുഴ: റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടർ അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റം സ്ഥിരീകരിക്കുന്ന തരത്തിലുള്ളത്. അഞ്ചുപേജടങ്ങുന്ന റിപ്പോർട്ടിൽ 2014-നു മുന്പും ശേഷവുമുള്ള കൈയേറ്റത്തെ കുറിച്ച് പരാമർശമുണ്ട്.
കാർ പാർക്കിംഗിനും വഴിക്കുമായി വയൽ നികത്തിയെന്നും ഇറിഗേഷൻ അധികൃതരുടെ അനുമതി വാങ്ങാതെ റിസോർട്ടിനു സമീപത്തെ നീർച്ചാൽ വഴി തിരിച്ചുവിട്ടെന്നും റിപ്പോർട്ടിലൂണ്ടെന്നാണ് സൂചന. അപ്രോച്ച് റോഡ് നിർമിച്ചതും നിയമം ലംഘിച്ചാണെന്നും പറയുന്നു.
ഉപഗ്രഹചിത്രങ്ങൾ പരിശോധിക്കുന്പോൾ 2008-ൽ റിസോർട്ടിലേക്ക് കരമാർഗം റോഡ് ഉണ്ടായിരുന്നില്ലെന്നും 2011-നു ശേഷമാണ് പടിപടിയായി അപ്രോച്ച് റോഡും പാർക്കിംഗ് ഏരിയയും ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2012-ൽ അന്പലപ്പുഴ തഹസീൽദാർ തയാറാക്കിയ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് ആരംഭിക്കുന്നതു തന്നെ
. 2014-ൽ പ്രദേശത്ത് നിലംനികത്തൽ കണ്ടെത്തിയതിനെ തുടർന്ന് അന്നത്തെ കളക്ടർ പത്മകുമാർ നിലം പൂർവസ്ഥിതിയിലാക്കാൻ നിർദേശം നല്കിയെങ്കിലും ആർഡിഒ നടപടി സ്വീകരിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പലയിടത്തുമുള്ള നിലം നികത്തിയത് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണെന്നും റിപ്പോർട്ട് പറയുന്നു.
ലേക്ക് പാലസ് റിസോർട്ടിന്റെ മുൻവശം പോള അടിയാതിരിക്കുന്നതിന് ബോയ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന സമയത്ത് എടുത്തുമാറ്റണമെന്ന ഉപാധിയോടെയാണ് ഇതു സ്ഥാപിക്കുന്നതിന് ആലപ്പുഴ ആർഡിഒ അനുമതി നല്കിയിരുന്നത്.
ഇത് മത്സ്യബന്ധനം, യാത്രാസ്വാതന്ത്ര്യം എന്നിവയെ ബാധിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കാൻ ആലപ്പുഴ ഇറിഗേഷൻ ഡിവിഷനോട് ആവശ്യപ്പെട്ടിട്ടുള്ളതും ഈ സ്ഥലത്ത് നിലവിൽ സ്ഥാപിച്ചിരിക്കുന്ന നെറ്റും അനുബന്ധ ഉപകരണങ്ങളും കായൽ വഴിയുള്ള ജലയാനങ്ങൾക്കുള്ള യാത്രാസ്വാതന്ത്ര്യത്തിനും മത്സ്യബന്ധനത്തിനും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണെന്നും റിപ്പോർട്ടിലുണ്ട്.