ആലപ്പുഴ: കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയുടെ റിസോർട്ടിന് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ലേക് പാലസ് റിസോർട്ടിൽ നിന്ന് പിഴയും നികുതിയും ഈടാക്കുന്നത് തടഞ്ഞു. റിസോർട്ടിന് സർക്കാർ നിർദേശിച്ച 34 ലക്ഷം രൂപ നികുതി ഈടാക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
അനധികൃത നിർമാണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആലപ്പുഴ നഗരസഭ റിസോർട്ടിന് 1.17 കോടി രൂപയാണ് നികുതിയിട്ടത്. തുടര്‍ന്ന് എംഎൽഎയുടെ കമ്പനിയുടെ അപ്പീലിൽ സര്‍ക്കാര്‍ പിഴത്തുക 34 ലക്ഷം ആയി വെട്ടിക്കുറച്ചു. എന്നാൽ സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്നും നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും നഗരസഭ കൗണ്‍സില്‍ നിലപാടെടുത്തു.
ഇതോടെ വിഷയത്തിൽ തോമസ് ചാണ്ടിക്ക് അനുകൂലമായി വീണ്ടും സർക്കാർ ഉത്തരവ് ഇറക്കുകയായിരുന്നു. നഗരസഭാ തീരുമാനം അസാധുവാക്കിയ ഉത്തരവിന്റെ പകർപ്പ് പുറത്തായി. സർക്കാർ നിർദേശിച്ച പിഴയിടാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.