ആലപ്പുഴ: ലേക് പാലസ് റിസോർട്ടിനോടനുബന്ധിച്ചുള്ള വലിയകുളം -സീറോ ജെട്ടി റോഡ് സർവേ ഉദ്യോഗസ്ഥർ അളന്നു തിട്ടപ്പെടുത്തി. ഇതിനിടെ ഉദ്യോഗസ്ഥർ റോഡ് പൊളിക്കാനെത്തിയതാണെന്ന് തെറ്റിധരിച്ച് പാടശേഖരസമിതി ഭാരവാഹികളും നാട്ടുകാരും രംഗത്തുവന്നു. റോഡ് പ്രദേശത്തുണ്ടാക്കിയ ഗുണഫലങ്ങൾ നിരത്തി സ്ത്രീകളടക്കം 50ഓളം പേരാണ് ഉദ്യോഗസ്ഥർക്ക് ചുറ്റും കൂടിയത്. രണ്ട് എംപിമാരുടെ ഫണ്ടുപയോഗിച്ച് നിർമിച്ച റോഡിന് ഇപ്പോൾ പരിശോധന എന്തിനെന്നായിരുന്നു അവരുടെ ചോദ്യം.
റോഡ് കൃഷിക്കാർക്ക് ഏറെ ഗുണം ചെയ്തതായി പാടശേഖരസമിതി കണ്‍വീനർ രമണൻ പറഞ്ഞു. തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചശേഷം നാട്ടുകാർ പിന്മാറി. തുടർന്ന് ഉദ്യോഗസ്ഥർ റോഡിന്റെ വിവിധ ഭാഗങ്ങൾ അളന്നത്. ഇതിനുശേഷം കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.