ശശികുമാർ പകവത്ത്
തിരുവില്വാമല: ലെക്കിടി റെയിൽവേ സ്റ്റേഷനു സമീപം തൃശൂർ-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവേശന കവാടത്തിലെ റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റെയിൽവേ ഗേറ്റ് തകരാറിലാകുന്പോഴും അല്ലാത്തപ്പോഴും ഇവിടെ വാഹനഗതാഗതം തടസം പതിവാണ്. ഇതുമൂലം നിരവധിയാളുകളാണ് വിവിധ വാഹനങ്ങളിൽ ലക്ഷ്യസ്ഥാനത്ത് സമയത്തിന് എത്താൻ കഴിയാതെ കഷ്ടപ്പെടുന്നത്.
ഏറെനേരം ഗേറ്റ് അടച്ചിടുന്ന സമയങ്ങളിൽ ആശുപത്രികളിലേക്ക് പോകേണ്ട രോഗികളും പാന്പാടി ഐവർമഠം ശ്മശാനത്തിലേക്ക് കൊണ്ടുവരുന്ന മൃതദേഹങ്ങളും വഴിയിൽ കുടുങ്ങിക്കിടക്കുന്നത് നിത്യസംഭവമാണ്. വാഹനങ്ങൾ പാലവും നിറഞ്ഞ് പാന്പാടിവരെ എത്താറുണ്ട്. 1975ൽ പണിത പാന്പാടി -ലക്കിടി പാലവും അപകടഭീഷണിയിലാണ്. പാലത്തിന്റെ സ്പാനുകൾക്ക് താഴെയുള്ള തൂണുകൾ അപകടാവസ്ഥയിലാണ്. പാന്പാടിയിൽനിന്നും പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗവും തകർച്ച ഭീഷണിയിലാണ്.
പാലം പണികഴിപ്പിച്ച സമയത്ത് 20 ടണ്‍ മുതൽ 30 ടണ്‍വരെയുള്ള ഭാരമായിരുന്നു വാഹനങ്ങൾക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ, 40 വർഷത്തിനുശേഷവും ഭാരകൂടുതലുള്ള നിരവധി വാഹനങ്ങളാണ് രാപ്പകൽ ഭേദമന്യേ നിത്യേന ഇതുവഴി കടന്നുപോകുന്നത്. ലക്കിടി മേൽപ്പാലം നിർമാണം ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പാലക്കാട്-ആലത്തൂർ എംപിമാർക്കും മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും നിവേദനം നൽകിയിരുന്നു.
പാലക്കാട് ജില്ലയിലെ ലക്കിടിയേയും തൃശൂർ ജില്ലയിലെ തിരുവില്വാമലയേയും ബന്ധിപ്പിക്കുന്ന പാലവും തടയണയും റെയിൽവേ ഗേറ്റിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ശ്രീവില്വാദ്രിനാഥ ക്ഷേത്രം, ഐവർമഠം, പാന്പാടി നെഹ്റു കോളജ്, കൈത്തറി തുണികൾക്ക് പ്രസിദ്ധമായ കുത്താന്പുള്ള ഗ്രാമം എന്നിവിടങ്ങളിലേക്ക് പോകുന്നവരും ഗേറ്റ് അടയ്ക്കുന്ന സമയങ്ങളിലും ഗേറ്റ് തകരാറുള്ളപ്പോഴും മറ്റു മാർഗങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.