ഒറ്റപ്പാലം: പാലക്കാട്-തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടി-പാന്പാടി പാലം തകർച്ചയിലേക്ക്. ഒരു നൂറ്റാണ്ട് പിന്നിട്ട പാലത്തിനുമുകളിൽ വാഹനങ്ങൾ കയറുന്പോൾ ശക്തമായ കുലുക്കം അനുഭവപ്പെടുകയാണ്. ഭാരതപുഴയ്ക്കു കുറുകേ നിർമിച്ചിട്ടുള്ള ഈ പാലം അപകടാവസ്ഥയിലായി മാസങ്ങൾ ഏറെയായി.
ഇനിയും അധികൃതർ നിസംഗത തുടർന്നാൽ വൻദുരന്തമായിരിക്കും പരിണിതഫലം. പാലത്തോടു ചേർന്നാണ് ലക്കിടി പാന്പാടി തടയണയും സ്ഥിതിചെയ്യുന്നത്. പാലത്തിന്റെ തൂണുകളിൽ ചിലത് മുറിഞ്ഞിട്ടുണ്ട്. വേനൽക്കാലത്ത് പാലത്തിന്റെ തൂണുകൾ പരിശോധിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും മുൻവർഷങ്ങളിൽ നീക്കമുണ്ടായിരുന്നു. എന്നാൽ വേനലിന്റെ കാഠിന്യത്തിൽ കുടിവെള്ളപ്രശ്നം രൂക്ഷമാകുമെന്നതിനാൽ അധികൃതർ ഇതിൽനിന്നും പി·ാറുകയായിരുന്നു.
തടയണയിലെ വെള്ളം ഒഴുക്കികളഞ്ഞതിനുശേഷം മാത്രമേ പാലത്തിന്റെ തുണൂകളുടെ പരിശോധന നടത്താനാകൂ.
വർഷക്കാലത്ത് ശക്തമായ നീരൊഴുക്കുമൂലം ഇത് സാധ്യമല്ല, തൂണുകളിൽ പരിശോധന നടത്തി അറ്റകുറ്റപ്പണികൾ നടത്തുമെന്ന കാര്യം കണ്ടറിയണം. പാലത്തിന്റെ സ്ഥിതി അധികൃതർക്കും നേരിട്ടു ബോധ്യമുള്ളതാണ്.
തൃശൂർ-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാർഗമാണിത്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് പാലംവഴി ഗതാഗതം നടത്തുന്നത്. പാലത്തിന്റെ മറുകരയിൽ തൃശൂർ ജില്ലയുടെ പരിധിയിൽ വരുന്ന തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, ഐവർമഠം, കുത്താന്പുള്ളി എന്നിവയും ഇക്കരെ ലക്കിടി റെയിൽവേ സ്റ്റേഷൻ, കുഞ്ചൻ നന്പ്യാർ ജനിച്ച കലക്കത്തുഭവനം, സ്വകാര്യ മെഡിക്കൽ കോളജ് എന്നിവ ഉൾപ്പെടുന്നു.പാലത്തിന്റെ കാലപ്പഴക്കം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വ്യാപക ആവശ്യമുയർന്നിട്ടുണ്ട്.