ഒറ്റപ്പാലം: ലക്കിടി റെയിൽവേ ഗേറ്റ് തകരാറിലാകുന്നത് പതിവായി. റെയിൽവേ മേല്പാലം നിർമിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം ഇനിയും യാഥാർഥ്യമാകാതെ തുടരുന്നു. ഇതുമൂലം ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും മുടങ്ങുന്ന സ്ഥിതിയാണുള്ളത്.
ലക്കിടിവഴി ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലേക്ക് തൃശൂരിൽനിന്നുള്ള പ്രധാനപാതയാണിത്. രണ്ടുമാസത്തിലൊരിക്കലെങ്കിലും ഈ റെയിൽവേ ഗേറ്റ് പണിമുടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഗേറ്റ് പണിമുടക്കുന്പോഴെല്ലാം യാത്രികർ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവ ചെളിനിറഞ്ഞതും ദുർഘടം നിറഞ്ഞതുമായ ഓവുപാലത്തിനിടയിലൂടെയാണ് സഞ്ചരിക്കുന്നത്.
റെയിൽവേ നിബന്ധന അനുസരിച്ചുള്ള എല്ലാ അത്യാവശ്യങ്ങളും ലക്കിടിക്കുണ്ട്. എന്നിട്ടും മേൽപാലത്തിനു റെയിൽവേയുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ല. വർഷങ്ങളായുള്ള ജനകീയാവശ്യം റെയിൽവേ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്.
ജനപ്രതിനിധികളുടെ ഇടപെടൽ കാര്യക്ഷമമല്ലാത്തതാണ് മേല്പാലം യാഥാർഥ്യമാകാത്തതെന്നാണ് ഉയരുന്ന ആരോപണം. റെയിൽവേ ഗേറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ റെയിൽവേ അംഗീകരിച്ചിട്ടില്ലെന്നാണ് ഉയരുന്ന മറ്റൊരു ആക്ഷേപം.
ഒറ്റപ്പാലം, പാലക്കാട് മേഖലകളിൽനിന്നും തമിഴ്നാട്ടിൽനിന്നും മൃതദേഹങ്ങൾ സംസ്കരിക്കുന്നായി ഐവർമഠം പൊതുശ്മശാനത്തിൽ എത്തിക്കുന്നുണ്ട്. എന്നാൽ ആംബുലൻസിൽ വരുന്ന മൃതശരീരങ്ങൾ യഥാസമയം ശ്മശാനത്തിൽ എത്തിക്കാൻ റെയിൽവേ ഗേറ്റിനു തകരാറുള്ള സമയത്ത് കഴിയാറില്ല.