കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേലിന്റെ ജനവിരുദ്ധ ഭരണ പരിഷ്കാരങ്ങൾക്കെതിരേ ഉയർന്ന പ്രതിഷേധം ദേശീയ തലത്തിലേക്ക്. കേരള നിയമസഭ അഡ്മിനിസ്ട്രേറ്റർക്കെതിരേ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് സേവ് ലക്ഷദ്വീപ് കാന്പയിൻ ദേശീയ തലത്തിലും ശക്തിയാർജിക്കുന്നത്.
ദ്വീപിൽനിന്നുള്ള എംപി മുഹമ്മദ് ഫൈസൽ വ്യാഴാഴ്ച മുംബൈയിലെത്തി പാർട്ടി അധ്യക്ഷൻ ശരത്പവാറിന്റെ പിന്തുണ തേടിയതാണ് സമരം ഡൽഹിയിലേക്ക് വ്യാപിപ്പിക്കാനുള്ള തുടക്കമായത്. 12 ദേശീയ കക്ഷികളുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെകാണാനാണ് പദ്ധതി.
സിപിഎം, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികൾ നേരത്തെ രാഷ്ട്രപതിക്കു സമർപ്പിച്ച കത്തിനു ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. രാഷ്ട്രപതിയെ കാണുന്നതിനു പുറമെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിനും സർവകക്ഷിസംഘം ലക്ഷദ്വീപ് സന്ദർശിക്കുന്നതടക്കമുള്ള സമരപരിപാടികൾക്കും ആലോചനയുണ്ട്.
എന്നാൽ ബിജെപി ദേശീയ ഘടകം അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ചുക്കൊണ്ടുള്ള നിലാപാടാണ് പിന്തുടരുന്നത്. അതേസമയം ബിജെപിയുടെ ലക്ഷദ്വീപ് ഘടകം ദ്വീപുനിവാസികളുടെ വികാരത്തിനൊപ്പം നിൽക്കുമെന്നാണ് വ്യാഴാഴ്ച ലക്ഷദ്വീപിലെ സർവകക്ഷിയോഗത്തിൽ അറിയിച്ചത്.