കൊച്ചി: അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ കേന്ദ്രം ഉടന്‍ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടു ലക്ഷദ്വീപ് നിവാസികള്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറം, കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായി ഏഴിന് എല്ലാ ദ്വീപുകളിലും ജനകീയ നിരാഹാര സമരം നടത്തും.
ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങളും വീട്ടിലിരുന്ന് 12 മണിക്കൂര്‍ നിരാഹാര സമരത്തില്‍ പങ്കെടുക്കും.ജനകീയ പ്രക്ഷോഭം വിജയിപ്പിക്കുന്നതിനും തുടര്‍ സമരങ്ങള്‍ ആസുത്രണം ചെയ്യുന്നതിനും എല്ലാ ദ്വീപുകളിലും സബ് കമ്മിറ്റി രൂപീകരിക്കും.
അഞ്ചിനകം വില്ലേജ് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍മാരുടെ നേതൃത്വത്തിലാകും ഓരോ ദ്വീപിലും സബ് കമ്മിറ്റി രൂപീകരിക്കുക. നിയമ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് ലീഗല്‍ സെല്ലിനും രൂപം നല്കി.
ലക്ഷദ്വീപിലെയും കേരളത്തിലെയും മുതിര്‍ന്ന അഭിഭാഷകരെ സെല്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ എംപിയും ലക്ഷദ്വീപ് കോണ്‍ഗ്രസ് പ്രസിഡന്റുമായ ഹംദുള്ള സഈദ്, മുന്‍ എംപി ഡോ. പി.പി. കോയ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യു.സി.കെ. തങ്ങള്‍,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹസന് ബഡുമുക്കാഗോത്തി, കോര്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഡോ. കെ.പി. മുഹമ്മദ് സാദിഖ്, ഡെപ്യൂട്ടി കണ്‍വീനര്‍മാരായ സി.ടി നജ്മുദ്ദീന്, കോമളം കോയാ, ആറ്റബി, അലി അക്ബര്‍, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ കെ.പി. സലീം തുടങ്ങിയവര്‍ കൊച്ചിയിലും, ഓണ്‍ലൈനിലുമായി ഇന്നലെ നടന്ന യോഗത്തില്‍ സംബന്ധിച്ചു.