കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്ഖോഡപട്ടേലിന്റെ വിവാദ നയങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ ലക്ഷദ്വീപിലെ മൂന്ന് ചെറു ദ്വീപുകളില്‍ നിര്‍മാണമേഖല സ്തംഭിച്ചു.
കില്‍ത്താന്‍, ചെത്ലാത്ത്, ബിത്ര എന്നീ ചെറുദ്വീപുകളിലുള്ളവരാണ് ദുരിതത്തിലായത്. ബേപ്പൂരില്‍ നിന്നാണ് ദ്വീപിലേക്ക് കൂടുതലായും മരങ്ങളും ഫര്‍ണിച്ചറുകളും എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചെറുദ്വീപുകളിലേക്ക് ചരക്ക് കപ്പല്‍ സര്‍വീസുകള്‍ നടത്തുന്നില്ല.
ഇതോടെ വീട് നിര്‍മാണത്തിനാവശ്യമായ മരങ്ങള്‍ എത്തിക്കാനും സാധിക്കാത്ത അവസ്ഥയാണ്.ബേപ്പൂരില്‍നിന്നും കൊച്ചിയില്‍ നിന്നും വരുന്ന യാത്രാക്കപ്പലുകളിലൂടെയും ചരക്കുകപ്പലുകളിലൂടെയും നിത്യോപയോഗ സാധനങ്ങള്‍ ദ്വീപുകളില്‍ എത്തുന്നുണ്ട്.
എന്നാല്‍ വീട് നിര്‍മാണത്തിനാവശ്യമായ മരവും വീട്ടിലേക്കും സ്ഥാപനങ്ങളിലേക്കും മറ്റുമുള്ള ഫര്‍ണിച്ചറുകളും എത്തിക്കുന്നതിന് ബേപ്പൂരില്‍ നിന്നാണ്. വിവാഹ വീട്ടിലേക്കു വേണ്ട ഫര്‍ണിച്ചറുകളും ഇപ്പോള്‍ ഈ ദ്വീപുകളില്‍ എത്തുന്നില്ല.
ബേപ്പൂര്‍ തുറമുഖത്തു നിന്നുള്ള ചരക്കുനീക്കം ചെറു ദ്വീപുകളിലേക്ക് കൂടി ലഭ്യമാക്കണമെന്നും ലക്ഷദ്വീപ് സംയുക്ത ജനകീയ മുന്നണി ആവശ്യപ്പെട്ടു.ഇക്കാര്യം വ്യക്തമാക്കി സംയുക്ത ജനകീയ മുന്നണി ലക്ഷദ്വീപ് അഡ്മിനിസ്റ്റേറ്റര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.
ബേപ്പൂര്‍ തുറമുഖ അധികൃതര്‍ക്കും ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് കത്തയയ്ച്ചു. അനുകൂല സമീപനം സ്വീകരിച്ച് പ്രശ്നം പരിഹരിക്കാത്ത പക്ഷം പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു.