കൊച്ചി: ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍നിന്നും വനംവകുപ്പ് പിടികൂടിയ തിമിംഗല ദഹനാവശിഷ്ടം (ആംബര്‍ഗ്രിസ്) കൊച്ചിയിലെത്തിച്ചത് കളമശേരി സ്വദേശിക്ക് വില്‍ക്കാനെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇഷാഖിന്റെ (31) മൊഴിയുടെ അടിസ്ഥാനത്തില്‍ കളമശേരി സ്വദേശിയുടെ മൊഴി വനംവകുപ്പ് ഉടന്‍ രേഖപ്പെടുത്തും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിലെ കൂടുതല്‍ കണ്ണികളെ പുറത്തുകൊണ്ടുവരാനാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ആംബര്‍ഗ്രിസിന്റെ വിൽപ്പന വൈകിയതോടെ മുഹമ്മദ് ഇത് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെത്തി പോലീസുകാരെ ഏല്‍പ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വിൽപ്പനയ്ക്ക് മുമ്പ് എത്തിച്ച സാമ്പിള്‍ മാത്രമായിരുന്നു പിടികൂടിയതെന്നാണ് ഇയാള്‍ വനംവകുപ്പിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ലക്ഷദ്വീപിലേക്ക് മുങ്ങിയ മുഹമ്മദിനെ ഇന്നലെ ഉച്ചയ്ക്ക് വിമാനമാര്‍ഗമാണ് കൊച്ചിയിലെത്തിച്ചത്.
മുഹമ്മദ് കൊച്ചി വിട്ടതിന് പിന്നാലെ വനംവകുപ്പ് ലക്ഷദ്വീപ് അഡ്മിനിട്രേഷനില്‍ വിവരം കൈമാറിയിരുന്നു. ഇതുപ്രകാരം ഇന്നലെ രാവിലെ കപ്പലില്‍ ചെന്നിറങ്ങിയ ഇയാളെ ലക്ഷദ്വീപ് പോലീസ് കസ്റ്റഡിയിലെടുത്ത് വിമാനമാര്‍ഗം നെടുമ്പാശേരിയിലേക്ക് കയറ്റി അയക്കുകയായിരുന്നു. ഇവിടെനിന്നും കോടനാട് റേഞ്ചര്‍ പ്രതിയെ കസ്റ്റഡില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തില്‍ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്നും സമാനരീതിയില്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നും വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.