കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തെ ലക്ഷദ്വീപ് കാര്യാലയത്തിന്റെ ഓഫീസുകള്‍ മാറ്റുന്നതിനു നീക്കം തകൃതിയായി. മംഗലാപുരത്തേക്ക് ഓഫീസുകള്‍ മാറ്റാനാണ് നീക്കം നടത്തുന്നത്. ബേപ്പൂര്‍ തുറമുഖം വഴിയുള്ള കയറ്റിറക്കുകൂലി വളരെ കൂടുതലാണെന്ന വാദത്തിന്റെ പേരിലാണ് ഓഫീസുകള്‍ മാറ്റാനുള്ള നീക്കത്തിനു വേഗം വച്ചത്.
രണ്ടു വര്‍ഷം മുമ്പ് ഇത്തരമൊരു നീക്കം നടന്നിരുന്നുവെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ കവരത്തിയില്‍ പൊതുമരാമത്ത് വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള ടൈല്‍സ് ഇറക്കുന്നതിന്റെ കൂലിനിരക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പുതിയ നീക്കത്തിനു കാരണം.
ബേപ്പുരിനേക്കാള് കയറ്റിറക്കുകൂലി കുറവ് മംഗലാപരുത്താണെന്ന് ദ്വീപ് ഭരണകൂടം പറയുന്നു.ലക്ഷദ്വീപില്‍ നിര്‍മാണ പ്രവൃത്തിക്കുള്ള സാധനങ്ങളെല്ലാം കൊണ്ടുപോകുന്നത് ബേപ്പൂരിലും കൊച്ചിയിലും നിന്നാണ്.
ലക്ഷദ്വീപ് പോര്‍ട്ട് ഓഫീസ്, വൈദ്യുതി ഓഫീസ്, പോലീസ് ഔട്ട്പോസ്റ്റ് എന്നിവയാണ് ബേപ്പൂര്‍ തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന ദ്വീപ് ഓഫീസുകള്‍.
ബേപ്പുര്‍ പോര്‍ട്ട് യാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന ലക്ഷദ്വീപിന്റെ പൊതുമരാമത്ത് വിഭാഗം ഓഫീസ് രണ്ടുവര്‍ഷം മുമ്പ് അടച്ചുപൂട്ടിയിരുന്നു. ഡീസല്‍ കയറ്റുമതി മറ്റു തുറമുഖങ്ങളില്‍ നിന്നാക്കിയതോടെ ബേപ്പൂര്‍ പുളിമുട്ടില്‍ പ്രവര്‍ത്തിക്കുന്ന ദ്വീപിന്റെ വൈദ്യൂതി ഓഫീസിന്റെ ഒരു യൂണിറ്റ് മാത്രമാണുള്ളത്.
ലക്ഷദ്വീപ് ഓഫീസുകള്‍ ഇവിടെ നിന്ന് മാറ്റിയാല്‍ ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനത്തെ പ്രതികൂലയമായി ബാധിക്കും. കവരത്തി, മിനിക്കോയ്, അന്ത്രോത്ത്, കല്പേനി, കടമത്ത്, ചെത്ലത്ത് ദ്വീപുകളിലേക്ക് ബേപ്പൂരില്‍ നിന്നാണ് ചരക്കുകള്‍ പ്രധാനമായും െകാണ്ടുപോകുന്നത്.
അതിനിടെ, ദ്വീപിലേക്കുള്ള യാത്രാകപ്പല്‍ സര്‍വീസ് പുനരാരഭിക്കത്തതും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഒരു മാസമായി അവിടേക്ക് കപ്പല്‍ ഇല്ല. സെപ്റ്റംബര്‍ പതിനഞ്ചിന് ആരംഭിക്കേണ്ടിയിരുന്നതാണ് കപ്പല്‍ സര്‍വീസ്. കപ്പല്‍യാത്രാ ടിക്കറ്റ് നല്‍കിയിരുന്ന ബേപ്പൂരിലെ ഓഫീസില്‍ നിന്ന് ഇപ്പോള്‍ ടിക്കറ്റ് നല്‍കുന്നില്ല.