കൊച്ചി: ടിക്കറ്റ് വിതരണം പൂര്‍ണമായും ഓണ്‍ലൈന്‍വഴി ആക്കിയതോടെ കൊച്ചിയില്‍ കുടുങ്ങി ആയിരത്തോളം ലക്ഷദ്വീപ് നിവാസികള്‍. പഠനത്തിനും ചികിത്സയ്ക്കും മറ്റുമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ കഴിയുന്നവരാണ് നാട്ടിലേക്കു മടങ്ങാന്‍ കപ്പല്‍ യാത്രാടിക്കറ്റ് ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്.
ലക്ഷദ്വീപില്‍ 19ന് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ടിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ഇവര്‍ക്കു നാട്ടിലേക്ക് മടങ്ങാനാകൂ. 19 വരെ ഷെഡ്യൂള്‍ ചെയ്ത കപ്പലുകളില്‍ 80 ശതമാനത്തോളം ടിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കിക്കഴിഞ്ഞു.
ശേഷിക്കുന്ന 20 ശതമാനത്തിനായി ആയിരത്തോളം ആളുകളാണ് അവസരം കാത്തിരിക്കുന്നത്. നാട്ടിലേക്കുള്ള യാത്ര സാധ്യമാകാതെ വന്നാല്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന ആശങ്കയിലാണിവര്‍.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കേരളത്തില്‍ കഴിയുന്നവര്‍ക്ക് നാട്ടിലെത്താന്‍ സൗകര്യമൊരുക്കണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റ് കിട്ടാതെ കഴിയുന്നവരുടെ പട്ടികയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഇവര്‍ സമര്‍പ്പിച്ചിരുന്നു.
ഒരു മാസത്തിനുള്ളില്‍ അനുകൂല നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തു. കോടതി ഉത്തരവില്‍ പറഞ്ഞ സമയം ഇന്നു തീരുമെന്നിരിക്കേ അഡ്മിനിസ്ട്രേഷന്റെ ഭാഗത്തുനിന്ന് ഒരു അനുകൂല നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്.
ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയപ്പോഴും നേരിട്ടു ടിക്കറ്റ് വാങ്ങാനുള്ള സൗകര്യം ഗാന്ധിനഗറിലെ ലക്ഷദ്വീപ് ഹൗസിനോടു ചേര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്നു.
മാത്രമല്ല, ടിക്കറ്റുകള്‍ ക്യാന്‍സലാകുമ്പോള്‍ ഒഴിവുവരുന്ന സീറ്റിലേക്ക് സ്പോട്ടില്‍ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം വെല്ലിംഗ്ടണ്‍ ഐലൻഡിലും ഉണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇതു രണ്ടും അഡ്മിനിസ്ട്രേഷന് നിര്‍ത്തലാക്കിയതാണു ദ്വീപ് നിവാസികളെ ദുരിതത്തിലാക്കിയത്.
ടിക്കറ്റ് ഓണ്‍ലൈന്‍ മുഖേന മാത്രമാക്കിയതോടെ ചിലര്‍ ടിക്കറ്റുകള്‍ കൂട്ടത്തോടെ വാങ്ങി പൂഴ്ത്തിവയ്ക്കുന്നുണ്ടെന്ന ആരോപണവും യാത്രക്കാര്‍ ഉയര്‍ത്തുന്നു. 350 രൂപയുടെ ടിക്കറ്റുകളെടുത്ത് അധിക വിലയ്ക്ക് ഇക്കൂട്ടര്‍ വില്പന നടത്തുന്നുണ്ടെന്നാണ് ആക്ഷേപം.
നാലു കപ്പലുകളാണ് കൊച്ചിയില്‍നിന്ന് നിലവില്‍ ലക്ഷദ്വീപിലേക്കു സര്‍വീസ് നടത്തുന്നത്. ഇവയിലെല്ലാമായി 1240 യാത്രക്കാര്‍ക്കാണ് അവസരം ലഭിക്കുക. ഇതിന്റെ ഇരട്ടിയിലധികം ആളുകളാണ് ഓരോ ആഴ്ചയിലും ലക്ഷദ്വീപ് യാത്രയ്ക്കായി കൊച്ചിയില്‍ കാത്തുനില്‍ക്കുന്നത്.