ന്യൂഡൽഹി: ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്സഭാ സെക്രട്ടേറിയറ്റ് പിൻവലിച്ചു. എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അയോഗ്യത പിന്‍വലിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കിയത്.
വധശ്രമക്കേസില്‍ ലക്ഷദ്വീപ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് ഫൈസലിനെ ലോക്സഭാ സെക്രട്ടേറിയറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്.
എന്നാല്‍, ഇതിന് പിന്നാലെ ശിക്ഷയും അതിന്റെ നടപ്പാക്കലും കേരള ഹൈക്കോടതി തടഞ്ഞിരുന്നു. കേസിലെ സെഷൻസ് കോടതി വിധിയും ശിക്ഷയും സ്റ്റേ ചെയ്തിട്ടും ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിൻവലിച്ചിട്ടില്ലെന്നാണു ഫൈസലിന്റെ ഹർജിയിലുള്ളത്.
ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്റെ അഭിഭാഷകരായ അഭിഷേക് മനു സിങ്വി, കെ.ആർ. ശശിപ്രഭു എന്നിവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നു പരിഗണിക്കാമെന്നു ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.
ഹൈക്കോടതി സ്റ്റേക്കെതിരേ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹർജിയും ഇതോടൊപ്പം പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു.
അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം വൻ വിവാദത്തിനും പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധത്തിനും ഇടയായ സാഹചര്യത്തിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ച നടപടിക്കു പ്രാധാന്യമേറെയാണ്.
മുന്‍ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകന് മുഹമ്മദ് സ്വാലിഹിനെ 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കവരത്തി സെഷന്‍സ് കോടതിയാണ് മുഹമ്മദ് ഫൈസല്‍, സയിദ് മുഹമ്മദ് നൂറുല്‍ അമീന്, മുഹമ്മദ് ഹുസൈന് തങ്ങള്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്ക് പത്തു വര്‍ഷം തടവും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. എൻസിപി നേതാവാണ് മുഹമ്മദ് ഫൈസൽ.