കോഴിക്കോട്: യൂണിവേഴ്സിറ്റി പരീക്ഷയെഴുതാൻ കോളജിലേക്ക് തിരിച്ചുപോകാൻ മാർഗമില്ലാതെ ലക്ഷദ്വീപിലെ വിദ്യാർഥികൾ. ഇന്റർസോണ്‍ കലോത്സവത്തിൽ പങ്കെടുക്കണമെന്ന വാശിയോടെയാണ് പ്രതിബന്ധങ്ങൾ തരണം ചെയ്ത് ലക്ഷദ്വീപിൽ നിന്നും 20 പേരടങ്ങുന്ന സംഘം ബേപ്പൂർ സുൽത്താന്റെ നാട്ടിലേക്ക് കപ്പൽ കയറിയത്. മത്സരങ്ങളിൽ പങ്കെടുത്തു മുന്നേറുന്പോഴും വിദ്യാർഥികളുടെയും അധ്യാപകരുടെയും മനസിൽ ആശങ്കകൾ അകലുന്നില്ല.
ലക്ഷദ്വീപിലെ കുട്ടികളുടെ പ്രാതിനിധ്യത്തിന് വേണ്ടിയാണ് രണ്ട്, മൂന്ന്, അഞ്ച് തിയതികളിൽ നടക്കേണ്ടിയിരുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ ഇന്റർസോണ്‍ മത്സരങ്ങൾക്കു ശേഷം 15ന് നടത്താൻ തീരുമാനിച്ചത്. എന്നാൽ ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പൽ ദ്വീപിലെത്തുക 16 നാണ്. പരീക്ഷയിൽ പങ്കെടുക്കാൻ കഴിയുമോയെന്ന ആശങ്കയിലാണിവർ.
വിദ്യാഭ്യാസ വകുപ്പ് ലക്ഷദ്വീപ് പോർട്ട് ഓഫീസിലേക്ക് ശിപാർശ ചെയ്താൽ വിദ്യാർഥികൾക്ക് ഹൈ സ്പീഡ് വെസൽ ലഭിക്കും. 14ന് രാവിലെ ബേപ്പൂർ തുറമുഖത്ത് പോർട്ടിന്റെ ഹൈസ്പീഡ് വെസൽ എത്തുന്നുണ്ട്. ഇതിൽ പുറപ്പെട്ടാൽ 14 നു വൈകുന്നേരം തന്നെ വിദ്യാർഥികൾക്ക് ദ്വീപിൽ എത്താൻ സാധിക്കും. കുട്ടികൾ പല തവണ ഇക്കാര്യം വകുപ്പിനെയും ഡീനിനെയും അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.
നാല് വർഷത്തിന് ശേഷമാണ് ലക്ഷദ്വീപിൽ നിന്നും കുട്ടികൾ ഇന്റർസോണിൽ പങ്കെടുക്കുന്നത്. കവരത്തി, ആന്ത്രോത്ത്, കടമത്ത് എന്നീ യൂണിവേഴ്സിറ്റി സെന്ററുകളാണ് ലക്ഷദ്വീപിലുളളത്. കൂടുതൽ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കാൻ തയ്യാറാണെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത് പരീക്ഷയുടെ സമയത്തായിരിക്കും. ഇത്തവണ കാലിക്കട്ട് യൂണിവേഴസിറ്റി യൂണിയൻ കുട്ടികളുടെ താത്പര്യം മനസ്സിലാക്കി ലക്ഷദ്വീപിലെത്തി സ്ക്രീനിംഗ് നടത്തുകയായിരുന്നു.
60 ഓളം കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ കഴിഞ്ഞ മാസം 12 ന് അപേക്ഷ നൽകിയിട്ടും ഡീനും പ്രിൻസിപ്പലും താത്പര്യം കാണിക്കാതിരുന്നതിനാൽ ഫണ്ട് ലഭിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു. കപ്പലിൽ 60 സീറ്റുകൾ ബുക്ക് ചെയ്യാൻ 15 ദിവസം മുന്‍പ് അപേക്ഷ നൽകിയെങ്കിലും 20 ൽ താഴെ സീറ്റുകളാണ് ലഭിച്ചത്. പരീക്ഷയ്ക്ക് എത്താനാകില്ലെന്ന ആശങ്ക കാരണം പലരും പിൻവലിഞ്ഞു.
ഒടുവിൽ ഇന്റർസോണിൽ പങ്കെടുക്കുമെന്ന് ദൃഢനിശ്ചയമെടുത്ത കുട്ടികളുമായി നാല് അധ്യാപകർ കോഴിക്കോട്ടേക്ക് കപ്പൽ കയറുകയായിരുന്നു. കുട്ടികളുടെ കൈയിൽ നിന്നും പിരിച്ചാണ് താത്കാലിക ആവശ്യത്തിനുള്ള പണം സ്വരൂപിച്ചത്. കപ്പലിൽ ഒരാൾക്കുള്ള ബർത്തിൽ മൂന്ന് പേരിരുന്നാണ് ഒരു രാത്രിയും പകലും യാത്ര ചെയ്തത്. കൊച്ചിയിൽ കപ്പലിറങ്ങി പിന്നീടുള്ള അഞ്ച് മണിക്കൂർ ബസിൽ. ഇത്തരത്തിൽ ഒട്ടനവധി തടസങ്ങൾ മറികടന്നാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയത്.
യൂണിവേഴ്സിറ്റി യൂണിയന്റെ ഇടപെടൽ മൂലം ഒരു ലക്ഷം രൂപ ലഭിച്ചത് താത്കാലികാശ്വാസമാണെങ്കിലും പരീക്ഷയുടെ കാര്യത്തിൽ തീരുമാനമാകത്തത് സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. മൈമിംഗ് , ഒപ്പന, മോണോആക്ട്, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, രചനാമത്സരങ്ങൾ എന്നിവയാണ് ഇവർ പങ്കെടുക്കുന്ന പ്രധാന ഇനങ്ങൾ.