കോട്ടയം: അലയാഴിക്കപ്പുറം അതിജീവനത്തിന് മീതെ കാറും കോളും നിറഞ്ഞു നിഴല്‍ വീഴ്ത്തിയ ഒരു ജനതയുടെ അങ്കലാപ്പുകളെ ഒന്നടങ്കം നെഞ്ചോട് ചേര്‍ത്തു പിടിച്ചിരിക്കുകയാണ് ട്വിറ്ററിലെ മലയാളി മനസുകള്‍.
അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലേക്ക് ഇനിയെത്ര നോട്ടിക്കല്‍ മൈല്‍ ദൂരമുണ്ടെങ്കിലും ഒപ്പം നിന്നു പിന്തുണയ്ക്കാൻ ഞങ്ങളുണ്ട് എന്ന മലയാളികളുടെ വാക്കിനു മീതെ ലക്ഷദ്വീപ് നിവാസികളും കരളുറപ്പോടെ കൈകള്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നു.
അധികാരം അടിച്ചമര്‍ത്തലായി മാറുമ്പോള്‍ അകലെയാവില്ല ഞങ്ങള്‍, അരികിലുണ്ടെന്ന ഉറപ്പോടെ മലയാളികള്‍ ഉയര്‍ത്തിവിട്ട പ്രതികരണങ്ങള്‍ സേവ് ലക്ഷദ്വീപ്, വീ സ്റ്റാന്‍ഡ് വിത്ത് ലക്ഷദ്വീപ്, ടുഗദര്‍ വിത്ത് ലക്ഷദ്വീപ് എന്നീ ഹാഷ് ടാഗുകളിലുടെ ട്വിറ്ററില്‍ ഒന്നാംനിര ട്രെന്‍ഡിംഗിലേക്ക് ഉയര്‍ന്ന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.
അതിന് പുറമേയാണ് മലയാളം ട്വിറ്റര്‍ കൂട്ടായ്മ ലക്ഷദ്വീപിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് മേയ് 28ന് ”ലക്ഷദ്വീപം’ എന്ന ഹാഷ് ടാഗോട് കൂടി പ്രകാശം പരത്തുന്ന പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ എട്ടു വരെ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു പ്രതിഷേധ ജ്വാല തെളിയിക്കുന്ന പരിപാടിയാണിത്.
ലക്ഷദീപം, ടുഗദര്‍ വിത്ത് ലക്ഷദ്വീപ് എന്നീ ഹാഷ് ടാഗുകള്‍ ഉപയോഗിച്ച് പ്രതിഷേധ ജ്വാലയുടെ ഭാഗമാകാന്‍ ട്വിറ്ററിലെ മലയാളി കൂട്ടായ്മകള്‍ സമൂഹ മാധ്യമങ്ങളിലെ സുമനസുകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
മെഴുകു തിരിയോ വിളക്കോ തെളിയിച്ച ചിത്രങ്ങളോടെ ഈ ഹാഷ് ടാഗുകള്‍ ചേര്‍ത്ത് പ്രതിഷേധ ജ്വാലയുടെ ഭാഗമാകാന്‍ ആണ് ആഹ്വാനം.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോട പട്ടേലിന്റെ ഏകാധിപത്യ ഭരണമാറ്റങ്ങളും തുഗ്ലക്ക് പരിഷ്കാരങ്ങളും നിയമ ഭേദഗതികളും വിവാദമായപ്പോള്‍ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
കേന്ദ്രഭരണ പ്രദേശമെങ്കിലും ലക്ഷദ്വീപിന്റെ ആശങ്കകളെയും പ്രതിഷേധങ്ങളെയും ചേര്‍ത്ത് പിടിക്കേണ്ടത് അനിവാര്യമാണെന്ന ആഹ്വാനങ്ങളോടെ ട്വിറ്ററിലെ മലയാളി ഹാന്‍ഡിലുകള്‍ വിവിധ ഹാഷ് ടാഗുകളില്‍ പ്രതിഷേധവുമായി അണിനിരന്നു.
ട്വിറ്ററിലെ പുതിയ ഫീച്ചറായ സ്പേസില്‍ ലക്ഷദ്വീപില്‍ നിന്നുള്ള യുവാക്കളെ ഉള്‍പ്പെടുത്തി തുടര്‍ച്ചയായ ചര്‍ച്ചകളും സംഘടിപ്പിച്ചു.
ഒരുപക്ഷേ, സ്പേസ് നിലവില്‍ വന്നതിന് ശേഷം മലയാളം വെര്‍ച്വല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത ചര്‍ച്ചയും ലക്ഷദ്വീപ് വിഷയത്തിലായിരുന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന സ്പേസ് ചര്‍ച്ചയില്‍ പല സമയങ്ങളിലായി മൂന്നൂറോളം ആളുകളാണ് പങ്കെടുത്തത്. ഈ ചര്‍ച്ചകളും സംവാദങ്ങളും ഇനിയുള്ള ദിവസങ്ങളിലും തുടരും.
അധികാരികളുടെ അവഗണനകള്‍ക്ക് മീതെ ഒരു ദേശീയ വിഷയമായി ലക്ഷദ്വീപിലെ പ്രശ്നങ്ങളെ ഉയര്‍ത്തിക്കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നത്.
അംഗനവാടികള്‍ നിര്‍ത്തലാക്കിയും ദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചു പൂട്ടിയും സ്കൂളുകളിലെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയും പേരിനു പോലും കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത ദ്വീപില്‍ ഗുണ്ടാനിയമം അടിച്ചേല്‍പ്പിച്ചും ബീഫ് നിരോധനവും മദ്യം വ്യാപകമാക്കാനും ഉള്ള നടപടികള്‍ക്കെതിരേ ദ്വീപ് നിവാസികള്‍ തന്നെ ഈ സ്പേസുകളില്‍ നേരിട്ടുവന്നു വിശദമായി സംസാരിച്ചു.
പരിമിതമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉള്‍പ്പടെയുള്ള പ്രതിബന്ധങ്ങളെ മറികടന്നാണ് ഇവരില്‍ പലരും ജനിച്ചനാട് നേരിട്ടു കൊണ്ടിരിക്കുന്ന കടന്നുകയറ്റത്തിനെതിരേ പ്രതികരിച്ചത്.
പ്രതിഷേധ സ്വരങ്ങളെ തെല്ലും വകവയ്ക്കാതെ ദ്വീപ് ഭരണകൂടം മുന്നോട്ടുകൊണ്ടുപോകുന്ന നയപരമായ മാറ്റങ്ങളെ നിയമപരമായി തന്നെ നേരിടാമെന്ന് ഉറപ്പുമായി കേരളത്തില്‍ നിന്ന് അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവരും ദ്വീപ് ജനതയ്ക്ക് സഹായഹസ്തം നീട്ടി മുന്നോട്ടുവന്നു.
പൊതുതാത്പര്യ ഹര്‍ജികള്‍ ഉള്‍പ്പടെയുള്ള നിയമ നടപടികളുമായി കോടതിയെ സമീപിക്കാമെന്നും നിയമപരമായ എല്ലാ സഹായസഹകരണങ്ങളും നല്‍കാമെന്നുമാണ് ദ്വീപ് നിവാസികള്‍ക്ക് മലയാളം ട്വിറ്ററില്‍ നിന്ന് ഉറപ്പു നല്കിയിരിക്കുന്നതും അതുമായ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതും.
വിദ്യാര്‍ഥികളും യുവാക്കളും ഉള്‍പ്പടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ കൂട്ടായ്മയില്‍ സജീവമായുണ്ട്.
ട്വിറ്ററിനു പുറമേ ലക്ഷദ്വീപ് നിവാസികളുടെ സഹായത്തിനും വിഷയം ചര്‍ച്ച ചെയ്യുന്നതിനുമായി ടെലിഗ്രാം ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളിലും മലയാളി കൂട്ടായ്മകള്‍ രൂപീകരിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ലക്ഷദ്വീപിന് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുകയും ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് നിരന്തരം പോസ്റ്റുകള്‍ പങ്ക് വെക്കുന്നതിനുമിടെ ഏതാനും പേരുടെ അക്കൗണ്ടുകള്‍ സ്പാം നയത്തിന്റെ കുഴിയിലേക്കും വീണുപോയിരുന്നു.
ചില അക്കൗണ്ടുകള്‍ക്ക് നേരെ മാസ് റിപ്പോര്‍ട്ടിംഗ് ആക്രമണങ്ങളും ഉണ്ടായി.
പക്ഷേ, മണിക്കൂറുകള്‍ക്കകം തന്നെ അക്കൗണ്ടുകള്‍ വീണ്ടെടുത്ത ഈ ഹാന്‍ഡിലുകള്‍ വീണ്ടും ട്വിറ്ററില്‍ സജീവമായിട്ടുണ്ട്.
കേരളം നേരിട്ട രണ്ടു പ്രളയ കാലങ്ങളിലും കോവിഡ് പ്രതിസന്ധി കാലത്തും അങ്ങോളമിങ്ങോളം സഹായങ്ങളെത്തിക്കാന്‍ രാപകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചവരാണ് ട്വിറ്ററിലെ മലയാളി കൂട്ടായ്മകള്‍.
അനോണി ഹാന്ഡിലുകളായും അല്ലാതെയും രാജ്യത്തിനകത്തും വിദേശത്തുമുള്ള നിരവധി മലയാളികള്‍ ഈ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുണ്ട്.
കടലിനക്കരെയെങ്കിലും കാലങ്ങളായി മലയാളക്കരയോട് ചേര്‍ന്നു നില്ക്കുന്ന ലക്ഷദ്വീപിന്റെ സമാധാന ജീവിതത്തിന് വേണ്ടിയും ഇപ്പോള്‍ ഇവര്‍ ശബ്ദം ഉയര്‍ത്തി മുന്നിട്ടിറങ്ങിയിരിക്കുന്നു.
നിനച്ചിരിക്കാതെ വന്ന നിലവിളിയുടെ കാലത്ത് കടലിനക്കരെ നിന്നുവന്ന കൈത്താങ്ങിന് മലയാളം ട്വിറ്ററിലെ കൂട്ടുകാരോട് നിറഞ്ഞ മനസോടെ നന്ദി പറയുന്നുണ്ട് ലക്ഷദ്വീപിലെ ജനത.
ഓരോ ദിവസവും ഓരോ പുതിയ ഹാഷ് ടാഗുകളും ഒരു ലൈഫ് ബോട്ട് എന്ന പോലെയാണ് ലക്ഷദ്വീപ് ജനതയുടെ പ്രതീക്ഷകളുടെ തീരത്തേക്ക് ഒഴുകി നീങ്ങുന്നത്.
സെബി മാത്യു