കണ്ണൂർ: സാധാരണക്കാരന്റെ ബെൻസായ ഓട്ടോ റിക്ഷ കണ്ണൂരിലെ എൻ. ലക്ഷ്ണനും കുടുംബത്തിനും യാത്രാ വാഹനം മാത്രമല്ല, കുടുംബത്തിന്റെ അന്നദാതാവ് കൂടിയാണ്.
അതു കൊണ്ടു തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയപ്പോൾ ഓട്ടോ ഡ്രൈവറായ ലക്ഷ്മണന് ചിഹ്നം സംബന്ധിച്ച് മറ്റൊന്നുമാലോചിക്കാനില്ലായിരുന്നു. തെരഞ്ഞെടുപ്പ് ചിഹ്നമായി അപേക്ഷിച്ച ഓട്ടോറിക്ഷതന്നെ ലക്ഷ്മണന് ചിഹ്നമായി ലഭിച്ചു.
കഴിഞ്ഞ 30 വർഷങ്ങളായി തന്റെ ഓട്ടോയുമായി കണ്ണൂരിലുള്ള ലക്ഷ്മണൻ നഗരവാസികൾക്ക് സുപരിചിതനാണ്. കോർപറേഷൻ 35ാം വാർഡായ ആലിങ്കീൽ ഡിവിഷിനിൽ നിന്നാണ് ലക്ഷ്മണൻ ജനവിധി തേടുന്നത്.
ഓട്ടോ റിക്ഷാ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുൻ നിരയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം സ്വതന്ത്ര ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ (എസ്എടിയു) ജില്ലാ സെക്രട്ടറി കൂടിയാണ്.
പള്ളിക്കുളം സ്വദേശിയായ ലക്ഷ്മണൻ 1972 മുതൽ 18 വർഷം നെയ്ത്ത് തൊഴിലാളിയായിരുന്ന ലക്ഷ്മണൻ 1990ലാണ് ഓട്ടോറിക്ഷ തൊഴിലാളിയായി കണ്ണൂർ നഗരത്തിലെത്തുന്നത്. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
കണ്ണൂർ മുനിസിപാലിറ്റിയായിരുന്നപ്പോഴും പിന്നീട് കോർപറേഷൻ ആയ ശേഷം ഇരുമുന്നണികളും മാറി മാറി ഭരിച്ചിട്ടും ജനങ്ങളുടെയും ഓട്ടോറിക്ഷാ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ അടിസ്ഥാന പ്രശ്നങ്ങൾ മനസിലാക്കാനോ പരിഹരിക്കാനോ തയാറായില്ലെന്ന് ലക്ഷ്മണൻ പറഞ്ഞു.
ഈ അവസ്ഥയക്ക് ഒരു മാറ്റം എന്ന ലക്ഷ്യത്തോടെയാണ് മത്സരരംഗത്തിറങ്ങുന്നതെന്നും തെരഞ്ഞെടുക്കപ്പെട്ടാൽ ജാതി-മത രാഷ്ട്രീയ പരിഗണനകളില്ലാതെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും ഇദ്ദേഹം പറഞ്ഞു.
കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ഉൾപ്പെടെ ആറ് സ്ഥാനാർഥികളാണ് ആലിങ്കീൽ ഡിവിഷനിൽ മത്സരിക്കുന്നത്. ഉഷയാണ് ഭാര്യ. അഡ്വ. ഉമേഷ്, സ്മിത എന്നിവർ മക്കളാണ്.