അടിമാലി: അബ്കാരി കേസിൽ പ്രതിയാക്കിയ വൈരാഗ്യത്തിൽ ആദിവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കായി വനമേഖലയിൽ തെരച്ചിൽ.
മാങ്കുളം അൻപതാംമൈൽ ചിക്കണംകുടി ആദിവാസി കോളനിയിലെ ലക്ഷ്മണനെ(54) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരുന്പുപാലം പുല്ലാട്ട്മൂഴിൽ ഇക്ബാലി (55)നു വേണ്ടിയാണ് പോലീസ് മാങ്കുളം വനത്തിൽ തെരച്ചിൽ നടത്തുന്നത്.
കൊലപാതകത്തിനു ശേഷം പ്രതി വനത്തിലേക്കു കടക്കുകയായിരുന്നു. വ്യാജവാറ്റും ചന്ദനക്കടത്തും നടത്തിയിരുന്ന പ്രതിയ്ക്ക് മാങ്കുളം വനമേഖല ഏറെ പരിചിതമാണ്. തെരച്ചിലിനായി വനപാലകരുടെ സഹായം തേടുമെന്നും പോലീസ് പറഞ്ഞു.
ഇക്ബാലിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന യുവതി അപകട നില തരണം ചെയ്തു. ഇരുന്പുപാലത്ത് ഭാര്യയും മക്കളുമുള്ള പ്രതി നാലു വർഷമായി ലഷീദയ്ക്കൊപ്പമാണ് താമസിക്കുന്നത്.
ഇന്നലെ രാവിലെ പത്തോടെ ചിക്കണംകുടിയിലായിരുന്നു കൊലപാതകം. ഇക്ബാലും ലക്ഷ്മണനും അടുത്തടുത്ത വീടുകളിലാണ് താമസം. സംഭവദിവസം രാവിലെ മദ്യപിച്ചെത്തിയ ഇക്ബാൽ ലഷീദയെയും ആറു മാസം പ്രായമായ കുഞ്ഞിനെയും ആക്രമിക്കുന്നതു കണ്ട ലക്ഷ്മണൻ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് വെട്ടേറ്റത്.
ഇതിനിടെ ലഷീദയുടെ കഴുത്തിനും വെട്ടി പരിക്കേൽപ്പിച്ചു. ലക്ഷ്മണൻ മരിച്ചതറിഞ്ഞ പ്രതി സ്ഥലത്തു നിന്നും കടന്നു കളയുകയായിരുന്നു.
കഴിഞ്ഞ മാസം 330 ലിറ്റർ കോട ചിക്കണംകുടിയിലെ ഷെഡിൽ നിന്നും അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയിരുന്നു.
സംഭവത്തിൽ ഇക്ബാലിനെയും ലക്ഷ്മണനേയും പ്രതിചേർത്ത് കേസ് എടുത്തു. ഈ കേസിൽ ലക്ഷ്മണനാണ് തന്നെയും പെടുത്തിയതായതെന്ന് ഇക്ബാൽ സംശയിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കവും ഉണ്ടായിരുന്നു.
കൂടാതെ ലഷീദയും ലക്ഷ്മണനും തമ്മിൽ വഴിവിട്ട ബന്ധമുളളതായും ഇക്ബാൽ സംശയിച്ചിരുന്നു. ഇതെചൊല്ലിയാണ് ഇന്നലെ രാവിലെ ഇക്ബാലും ലഷീദയും തമ്മിൽ വഴക്കുണ്ടായത്.
നിരവധി അബ്കാരി കേസുകളിലെ പ്രതികളാണ് ഇക്ബാലും ലക്ഷ്മണനുമെന്ന് പോലീസ് പറഞ്ഞു. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ലക്ഷ്മണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.