പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് ശേഷം നിരവധി നടിമാര്‍ സമാനമായ രീതിയില്‍ തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. അടുത്ത കാലത്ത് സിനിമയിലേയ്ക്ക് കടന്നുവന്ന ഒരു നടിയാണ് ഏറ്റവും പുതുതായി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന അനുഭവമാണ് ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്കിയ അഭിമുഖത്തിലൂടെ ലക്ഷ്മി രാമകൃഷ്ണന് എന്ന നടി വ്യക്തമാക്കിയത്.
തമിഴിലും മലയാളത്തിലും ചിത്രങ്ങള്‍ എടുത്തിട്ടുള്ള ഒരു സംവിധായകനാണ് ഇത്തരത്തില്‍ എന്നോട് പെരുമാറിയത്. അയാളുടെ ആവശ്യം നിരസിച്ചതോടെ സെറ്റില്‍ വച്ച് അയാള്‍ നിരന്തരം എന്നെ അപമാനിക്കാന്‍ ശ്രമിച്ചു. ഒരാവശ്യവുമില്ലാതെ ഒരേ ടേക്ക് ഇരുപത്തഞ്ച് തവണ വരെ എടുപ്പിച്ചു. അവസാനം ക്ഷമകെട്ട് ഞാന്‍ അയാളോട് സംഭവം തുറന്നുപറഞ്ഞ് മാപ്പുപറണമെന്നാവശ്യപ്പെട്ടു. ഇത് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കി.
എല്ലാ മേഖലകളിലും ഉള്ളതുപോലെ സിനിമയിലുമുണ്ട് ഇത്തരക്കാര്‍. എന്നാല്‍ ഇവിടെ ഇത്തിരി കൂടുതലാണെന്നുമാത്രം. മറ്റൊരിക്കല്‍ ഒരു യുവസംവിധായകന് അയച്ചയാള്‍ എന്റെ ഫഌറ്റില്‍ പുതിയ സിനിമയുടെ ചര്‍ച്ചയ്ക്കായി എത്തി. സംസാരത്തിനുശേഷം അയാള്‍ എന്തൊക്കെയോ അഡ്ജസ്റ്റുമെന്റുകളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഡേറ്റിന്റെ കാര്യമാവും സംസാരിക്കുന്നതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീടാണ് മനസിലായത്, അയാള്‍ മറ്റ് ചില കാര്യങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചതെന്ന്. അപ്പോള്‍ തന്നെ അയാളെ ഫഌറ്റില്‍ നിന്ന് ഇറക്കിവിടുകയാണ് ചെയ്തത്. ലക്ഷ്മി പറയുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് ലക്ഷ്മി അഭിനയലോകത്തേയ്ക്ക് കടന്നുവന്നത്. പിന്നീട് തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചിരുന്നു.