ഇതാണ് അതിജീവനത്തിന്റെ ആഘോഷം! ആസിഡ് ആക്രമണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് പൊരുതി കയറിയ പെണ്‍കുട്ടി; ലക്ഷ്മി അഗര്‍വാളിന്റെ നൃത്തം സോഷ്യല്‍മീഡിയയില്‍ വൈറല്‍

പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ ആക്രമിക്കുന്ന സംഭവങ്ങള്‍ കൊച്ചു കേരളത്തില്‍ പോലും വര്‍ധിച്ചു വരികയാണ്. ഇത്തരത്തില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ആസിഡ് ആക്രമണത്തിന് ഇരയായതും എന്നാല്‍ മനസുറപ്പിലൂടെ ആ അവസ്ഥയെ അതിജീവിക്കുകയും ചെയ്ത പെണ്‍കുട്ടിയാണ് ലക്ഷ്മി അഗര്‍വാള്‍. അതിജീവനത്തിന്റെ കാര്യത്തില്‍ ലോകത്തിന് തന്നെ മാതൃകയാണ് ലക്ഷ്മി ഇപ്പോള്‍.

മുപ്പത്തിരണ്ടുകാരന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പതിനാറാം വയസ്സിലാണു ലക്ഷ്മി ആസിഡ് അക്രമണത്തിന് ഇരയാകുന്നത്. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി മരണത്തോടു മല്ലിട്ടാണ് ജീവിതത്തിലേക്കു തിരികെ വന്നത്.

ആസിഡ് ആക്രമണത്തിനും തീകൊളുത്തലിനും വിധേയരായ 300പേരെ പുനരധിവസിപ്പിച്ച കൂട്ടായ്മയുടെ അമരക്കാരിയാണ് ഇന്ന് ലക്ഷ്മി. ലക്ഷ്മിയുടെ പ്രവര്‍ത്തനങ്ങളിലൂടെ ആസിഡ് വില്‍പനയില്‍ നിയന്ത്രണം കൊണ്ടുവരാനും സാധിച്ചു. യു.എസ് ഭരണകൂടം നല്‍കുന്ന രാജ്യാന്തര വനിതാധീരതാ അവാര്‍ഡ് ജേതാവാണ് ലക്ഷ്മി. നിലവില്‍ ആസിഡ് ആക്രമണങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ലക്ഷ്മി.

ലക്ഷ്മിയുടെ പുതിയ ഡാന്‍സിംഗ് വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ‘ബാഗി’ എന്ന ചിത്രത്തിലെ ‘ഛംഛം’ എന്ന ഗാനത്തിനാണു ലക്ഷ്മിയുടെ ഡാന്‍സ്. ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പ്രമേയമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഛാപാക്’ അണിയറയില്‍ ഒരുങ്ങുമ്പോഴാണ് ലക്ഷ്മിയുടെ ഡാന്‍സിങ് വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് തിരിച്ചുവരവിനുള്ള പ്രചോദനം നല്‍കുന്നതാണ് വീഡിയോയെന്നാണ് അഭിപ്രായം.

Related posts