കൊച്ചി: എറണാകുളം എളംകുളത്ത് നേപ്പാൾ സ്വദേശിനി ലക്ഷ്മി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന റാം ബഹാദൂർ ബിസ്തിതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
റാം ബഹാദൂറിന്റെ ഭാര്യ തന്നെയാണോ ഇവർ എന്നതിനെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട് ആരംഭിച്ചു. ഭർത്താവ് എന്ന പേരിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന റാം ബഹദൂർ സംഭവത്തിനുശേഷം ഒളിവിൽ പോയി.
ഇയാൾ സംസ്ഥാനം വിട്ടതായാണ് പോലീസ് നിഗമനം. 21ന് ശേഷം ഇയാളുടെ ഫോണ് സ്വിച്ച് ഓഫാണ്. റാം ബഹാദൂറിന്റെ മൊബൈൽ ടവർ ലോക്കേഷൻ പരിശോധിച്ചപ്പോൾ എളംകുളത്തു തന്നെ ഫോണ് ഓഫായെന്ന് വ്യക്തമായി.
ഇയാൾ ഒടുവിൽ വിളിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.ലക്ഷ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം തുണിയിലും പ്ലാസ്റ്റിക്ക് കവറിലും പൊതിഞ്ഞ് വാടകവീട്ടിൽ ഒളിപ്പിക്കുകയായിരുന്നു.
തിങ്കളാഴ് വീട്ടിൽനിന്ന് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് സമീപവാസികൾ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു.
വീട്ടിൽ താമസക്കാരെ കാണാത്തതിനെത്തുടർന്ന് ഇവർ എറണാകുളം സൗത്ത് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തിയ പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ചിച്ച നിലയിൽ മൃതദേഹം കണ്ടത്. ലക്ഷ്മിയെ 20 വരെ കണ്ടതായി പരിസരവാസികൾ പറയുന്നു.
അതേസമയം റാം ബഹദൂർ മുന്പ് താമസിച്ചിരുന്ന രണ്ട് സ്ഥലങ്ങളിലും മഹാരാഷ്ട്ര സ്വദേശിയെന്ന വിലാസമാണ് നൽകിയിരുന്നത്.
ദന്പതികൾ എന്നു പറഞ്ഞാണ് ഒന്നര വർഷം മുന്പ് വീട് വാടകയ്ക്കെടുത്തത്. വാടകക്കരാറിനൊപ്പം നൽകിയിരുന്നത് വ്യാജരേഖയായിരുന്നുവെന്ന് പോലീസ് സംഘം പറഞ്ഞു.
ഇപ്പോൾ ലഭിച്ചിരിക്കുന്ന ഇരുവരുടെയും പേരും വിലാസവും ഉറപ്പിക്കാനായിട്ടില്ലെന്നും പോലീസ് പറയുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിൽ റാം ബഹദൂർ ഈ രാജ്യക്കാരൻ അല്ല എന്ന വിവരം വരെ ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്.
അതുകൊണ്ടുതന്നെ ഇയാളെക്കുറിച്ച് കിട്ടാവുന്നത്ര വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ റാം ബഹാദൂറിനായി തെരച്ചിൽ നടത്തി.
സമീപത്തൊന്നും സിസിടിവി കാമറകളില്ലാത്തതും പോലീസിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.ലക്ഷ്മിയെ പുറകിൽ നിന്ന് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്.
അഞ്ച് ദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹം ഇൻക്വസ്റ്റിനു ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.