മഞ്ചേരി: നിലന്പൂരിൽ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ തമിഴ് യുവാവിനു മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് ഡിണ്ടിഗൽ ഐലൂർ പെരുമാൾ കോവിൽപ്പെട്ടി സുബ്ബയ്യയുടെ മകൻ ബാൽദാസി(38) നെയാണ് ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്.
2013 ഓഗസ്റ്റ് 31ന് പകൽ പതിനൊന്നര മണിക്കാണ് കേസിനാസ്പദമായ സംഭവം. ഭാര്യ ലക്ഷ്മിയോടൊത്ത് നിലന്പൂരിൽ താമസിച്ചു വരികയായിരുന്നു പ്രതി. സംഭവ ദിവസം ഇരുവരും കുളിക്കാനായി വടപുറം കുതിര പുഴയിലേക്ക് പോവുകയായിരുന്നു.
നിലന്പൂർ അരുവാക്കോട് വുഡ് കോംപ്ലക്സിനു സമീപമുള്ള തേക്കിൻതോട്ടത്തിൽ എത്തിയപ്പോൾ ഇരുവരും വഴക്കിലേർപ്പെട്ടു. ലക്ഷ്മിയുടെ ആഭരണങ്ങൾ ബാൽദാസ് ആവശ്യപ്പെട്ടതാണ് വഴക്കിനു കാരണം.
ഇതിനെ തുടർന്നു ലക്ഷ്മി ചെരിപ്പ് ഉൗരി ഭർത്താവിനെ അടിച്ചു. ഇതിൽ പ്രകോപിതനായ ബാൽദാസ് ചെരിപ്പ് പിടിച്ചു വാങ്ങി ലക്ഷ്മിയുടെ കഴുത്തിൽ കൈ മുറുക്കി കൊലപ്പെടുത്തുകയും ആഭരണങ്ങൾ കവരുകയുമായിരുന്നു.
നിലന്പൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. 17 സാക്ഷികളെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി. വാസു കോടതി മുന്പാകെ വിസ്തരിച്ചു. 17 രേഖകളും 10 തൊണ്ടി മുതലുകളും ഹാജരാക്കി.
പ്രതി പിഴയടക്കുന്നില്ലെങ്കിൽ ആറു മാസത്തെ അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ആഭരണങ്ങൾ പിതാവ് സുബ്ബയ്യക്ക് നൽകാനും കോടതി ഉത്തരവിട്ടു.